![]()
വടക്കാഞ്ചേരി : നഗരസഭയിലെ 2018 -19 വർഷത്തെ ബജറ്റ് പ്രതിപക്ഷത്തിന്റെ പൂർണ്ണ സഹകരണത്തോടെ അംഗീകരിച്ചു.മൊത്തം 308 കോടി രൂപയുടെ ബജറ്റ് ആണ് ഉള്ളത്. ബജറ്റിൽ ഉൾപ്പെട്ട കാര്യങ്ങൾ ഒന്നുംതന്നെ നടക്കാത്ത സ്വപ്നങ്ങളായി മാറരുതെന്ന് പ്രതിപക്ഷം ഓർമ്മിപ്പിച്ചു.എന്നാൽ നഗരത്തിന്റെ വികസന സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് ബജറ്റിൽ എന്ന് ബജറ്റ് അവതരണം നടത്തിയ നഗരസഭാ വൈസ് ചെയർമാൻ എം.ആർ.അനൂപ്‌കിഷോർ കൂട്ടിച്ചേർത്തു. വരവു ചിലവുകണക്കും മിച്ചം വരുന്ന തുകയും ബജറ്റിൽ വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ട്.നഗരസഭ കാര്യാലയത്തിന് പുതിയ കെട്ടിടം, മുൻസിപ്പാലിറ്റി പരിധിയിലെ സർക്കാർ സ്കൂളുകളുടെ ഡിജിറ്റലൈസേഷൻ,എന്നിവയും പുറമെ വടക്കാഞ്ചേരി ബോയ്സ് സ്‌കൂളിന് 10 കോടി രൂപയും ഗേൾസ് സ്‌കൂളിന് 6 കോടിയും നവീകരണ പ്രവർത്തനങ്ങൾക്കായി വകയിരുത്തി.ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പുഴകളുടെയും ജലസ്രോതസുകളുടെയും സംരക്ഷണവും ഉൾപ്പെടുന്നു.വടക്കാഞ്ചേരി പുഴ ,ചാത്തൻ ചിറ പച്ചക്കറി സോൺ,പത്താഴക്കുണ്ട് എന്നിവയ്ക്കായി തുക വകയിരുത്തി.ആർദ്രം പദ്ധതിയിൽ ഉൾക്കൊണ്ട് കുടുംബ ഡോക്ടർ എന്ന ആശയവും ബജറ്റിൽ പറയുന്നു.ലൈഫ് മിഷൻ പദ്ധതിയിൽ 1484 വീടുകളും ചരൽപ്പറമ്പിൽ 250 ഫ്‌ളാറ്റുകളും നിർമ്മിക്കും.ഇവയ്ക്ക് പുറമെ റോഡുകളുടെ വികസനം, വടക്കാഞ്ചേരിയുടെ കലാ കായിക പരമ്പര്യങ്ങളുടെ വികസനം എന്നിവയുടെ വികസന നവീകരണ പദ്ധതികളും തദ്ദേശ ബജറ്റിന്റെ ഭാഗമായി വരുന്നു.യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ.പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് കെ.അജിത് കുമാർ ,എസ്.എ. എ. ആസാദ്,വിവിധ കക്ഷി നേതാക്കൾ എന്നിവരും പങ്കെടുത്തു.