റഷീദ് പാറക്കൽ

rasheed-parakkal

സംവിധായകൻ , തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നെ നിലകളിൽ മലയാള സിനിമ രംഗത്ത് സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റഷീദ് പാറക്കൽ (Rasheed Parakkal) മികച്ചൊരു നോവലിസ്റ്റ് കൂടിയാണ്. 1970 ജൂണ്‍ 4ന് വടക്കാഞ്ചേരിയില്‍ അബ്ദുള്‍ റഹിമാന്‍, ആമിന എന്നിവരുടെ മകനായി ജനിച്ചു. വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, വടക്കാഞ്ചേരി വ്യാസ എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി .

യു.എ.ഇയില്‍ മൂന്നു വര്‍ഷത്തെ പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇപ്പോൾ മലയാള ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് സംവിധാനം, തിരക്കഥ, ഗാനരചന എന്നീ മേഖലകളില്‍ പ്രവർത്തിക്കുന്നു .
സമീർ (2020), മനോരാജ്യം (2024), കുട്ടന്റെ ഷിനിഗാമി (2024 ) എന്നീ മൂന്നു സിനിമകൾ സംവിധാനം ചെയ്തു. നിരവധി സിനിമകൾക്ക് ഗാനരചനയും തിരക്കഥയും നിർവഹിച്ച റഷീദ് പാറക്കൽ നിരവധി ഷോർട് ഫിലിമുകളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തു.

തനിമ കലാസാഹിത്യവേദി അവാര്‍ഡ് (2010), അങ്കണം അവാര്‍ഡ് (2012), ഗാനരചനയ്ക്ക് തുടര്‍ച്ചയായി 2011, 2012 വര്‍ഷങ്ങളില്‍ ബാലന്‍ കെ. നായര്‍ പുരസ്‌കാരം, എന്‍.വി. നാരായണന്‍ മാസ്റ്റര്‍ കവിത അവാര്‍ഡ് (2011), അലാറം ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഗാനരചന (2010), ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ് (2013), മികച്ച ഷോര്‍ട്ട് ഫിലിം – ഇന്‍സൈറ്റ് പുരസ്‌കാരം (2013),സാക്ഷി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് – മികച്ച സംവിധായകന്‍ (2013), ജോസ് ഫിലിം ഫെസ്റ്റ് – മികച്ച തിരക്കഥാകൃത്ത് (2013) എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ റഷീദ് പാറക്കലിനെ തേടിയെത്തി.