വനത്തിലെ ജലസ്രോതസ്സുകൾ അണക്കെട്ടിലേക്ക് തിരിച്ചു വിട്ടു

വടക്കാഞ്ചേരി : വാഴാനിയിൽ നിന്ന് ജലസേചന വിഭാഗം ഉദ്യോഗസ്ഥർ വനത്തിലെത്തി വനപാലകരുടെ സഹായത്തോടെ വനത്തിൽ നിന്നുള്ള ജലസ്രോതസ്സുകളുടെ ഒഴുക്ക് അണക്കെട്ടിലേക്ക് തിരിച്ചു വിട്ടു. 16.48 ദശലക്ഷം ഘനമീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 6.18 ദശലക്ഷം ലിറ്റർ വെള്ളം മാത്രമാണുള്ളത്. നിലവിലുള്ള സംഭരണ ശേഷിയുടെ മൂന്നിൽ ഒരു ഭാഗം മാത്രമാണ് ഇത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഉദ്യോഗസ്ഥർ വനത്തിലെത്തി ജലത്തിന്റെ ഒഴുക്ക് അണക്കെട്ടിലേക്ക് തിരിച്ചു വിട്ടത്. വാഴാനി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഐ.കെ.മോഹൻ, അസിസ്റ്റന്റ് എൻജിനീയർമാരായ പി.വി.ജേക്കബ്, പി.എൻ.രാഘവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് കാടുകയറിയത്. കിലോമീറ്ററുകൾ സഞ്ചരിച്ചു കക്കുംചോലയുൾപ്പെടെയുള്ള വനത്തിലെ ജലസ്രോതസ്സുകൾ കാക്കിനിക്കാട് കനാൽ വഴി വാഴാനി അനക്കെട്ടിലേക്ക് തിരിച്ചു വിട്ടു.വനത്തിനുള്ളിൽ നിന്ന് അണക്കെട്ടിലേക്കുള്ള പ്രധാന ജലസ്രോതസ്സാണ് കക്കുംചോല.