വാഴക്കോട് ക്വാറിയിൽ ഫോറൻസിക് പരിശോധന

മുള്ളുര്‍ക്കര : സബ് കളക്ടറുടെ നേതൃത്വത്തിൽ അടപ്പിച്ച മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോട് കരിങ്കൽ ക്വാറിയിൽ സയന്റിഫിക് അസിസ്റ്റന്റ് ഡോ.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായിരുന്നു പരിശോധന. ക്വാറിയിൽ സ്‌ഫോടക വസ്തുക്കൾ ശേഖരിച്ചതിനും സ്ഫോടനം നടത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെട്ട ആറ് കുടുംബാംഗങ്ങളുടെ പേരിലുള്ള സ്ഥലത്താണ് അനധികൃത ക്വാറി പ്രവർത്തിച്ചിരുന്നത്. നടത്തിപ്പുകാർ ആരാണെന്നു പരിശോധിച്ചേ അവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുവെന്നു പോലീസ് വ്യക്തമാക്കിയിരുന്നു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി ഉണ്ടാകുമെന്ന് എസ്.ഐ. കെ.സി.രതീഷ് പറഞ്ഞു.