പഞ്ചായത്ത് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള അനധികൃത കരിങ്കൽ ക്വാറി പൂട്ടിച്ചു

വടക്കാഞ്ചേരി : മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റും സി.പി.എം.നേതാവുമായ അബ്‌ദുൾ സലാമിന്റെയും അഞ്ച് സഹോദരന്മാരുടെയും ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിയിൽ സബ് കലക്ടർ രേണുരാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്വാറി പൂട്ടിച്ചു.വാഴക്കോട് പ്രവർത്തിച്ചിരുന്ന ക്വാറിയിൽ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ 434 ജലാറ്റിൻ സ്റ്റിക് ,547 ഡിറ്റനേറ്റർ ,ഫ്യൂസ്,തിരി തുടങ്ങിയവ കണ്ടെത്തി. കല്ല് കയറ്റിയ 9 ലോറികളും ,പാറ പൊട്ടിച്ചിരുന്ന മൂന്ന് ജാക്ക് ഹാമറുകൾ മൂന്ന് എസ്കലേറ്ററുകൾ എന്നിവയും പിടിച്ചെടുത്തു. എക്‌സ്‌പ്ലോസിവ് ലൈസൻസ് അല്ലാതെ പ്രവർത്തനത്തിന് ആവശ്യമായ മറ്റ് ലൈസൻസുകൾ ഒന്നും ഈ ക്വാറിക്ക് ഇല്ലെന്നും അധികൃതർ അറിയിച്ചു.  പരിശോധനയ്‌ക്ക് മുൻപായി പോലീസ് സംഘത്തെയും ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയെയും വിവരം അറിയിച്ചു. പിടിച്ച സ്ഫോടക വസ്തുക്കൾ പൊലീസിന് കൈമാറി. തഹസിൽദാർ ടി.ബ്രീജാകുമാരി ഡെപ്യൂട്ടി തഹസിൽദാർ കെ.ജി.രാജൻ.അഡീഷണൽ തഹസിൽദാർ അഖിലേശ്വരൻ.വടക്കാഞ്ചേരി സി.ഐ.പി.എസ്.സുരേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും  കളക്ടർക്ക് ഒപ്പം ഉണ്ടായിരുന്നു.