![]()
വടക്കാഞ്ചേരി : പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ചു നടത്തുന്ന വെടിക്കെട്ടിനു അനുമതിയായി.മൂന്ന് വെടിക്കെട്ടുകളാണ് പൂരത്തിന്റെ ഭാഗമായി നടത്തുന്നത്.മൂന്ന് ദേശങ്ങളെയും പ്രതിനിധീകരിച്ചു കുമരനെല്ലൂർ വിഭാഗം ജനറൽ സെക്രട്ടറി എ. കെ.സതീഷ് കുമാർ ചെന്നൈയിലെ എസിപ്ലോസീവ് കണ്ട്രോൾ ഓഫീസിൽ നൽകിയ മാഗസിൻ രൂപരേഖയുടെ അടിസ്ഥാനത്തിൽ ജോയിന്റ് കണ്ട്രോളർ അപേക്ഷ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. മൂന്ന് ദേശക്കാരും ചേർന്ന് 38 സെന്റ് സ്ഥലം മാഗസിൻ നിർമാണത്തിനായി വാങ്ങിയിരുന്നു. ഈ സ്ഥലം കളക്ടർ കൗശികന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും പോലീസ് സംഘവും എത്തി പരിശോധന നടത്തിയിരുന്നു.നിലവിൽ കാസർകോട്ടുള്ള കരാറുകാരന് മാത്രമാണ് ലൈസൻസ് ഉള്ളത്.മൂന്ന് ദേശക്കാരും ഇയാളെ ആണ് വെടിക്കെട്ട് നടത്താൻ ഏല്പിച്ചിട്ടുള്ളത്. ഒന്നിച്ചു ഒരു ദിവസം വെടിക്കെട്ട് നടത്താൻ സാധ്യമല്ലാത്തതിനാൽ മൂന്ന് ദിവസങ്ങളിലായി നടത്താനാണ് തീരുമാനം. ഫെബ്രുവരി 25 ,പൂരം ദിനമായ 27 ,28 എന്നീ ദിവസങ്ങളിലായി വെടിക്കെട്ട് നടത്താനുള്ള അനുമതിയാണ് തേടുന്നത്.ഏത് ദിവസങ്ങളിൽ ഏത് ദേശക്കാർ എന്നത് പിന്നീട് അനുമതി ലഭിച്ചതിന് ശേഷം ചർച്ച ചെയ്തു തീരുമാനിക്കും.