വടക്കാഞ്ചേരിയിൽ മുറുകുന്ന ഗതാഗത കുരുക്ക്

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലെ ഗതാഗത കുരുക്ക് അഴിക്കാൻ കഴിയാത്ത വിധം മുറുകുന്നു.കുരുക്ക് തുടർക്കഥയാകുന്ന ഇവിടെ കഴിഞ്ഞ ദിവസം കുതിരാനിലെ ഗതാഗത സ്‌തംഭനം അഴിയാക്കുരുക്ക് തീർത്തു.തകർന്നു കിടക്കുന്ന റോഡുകളും ,ട്രാഫിക് നിയമ ലംഘനങ്ങളും ആണ് ഗതാഗതം തടസ്സപ്പെടുത്തുന്ന പ്രധാന കാരണങ്ങൾ.തൃശൂരിൽ നിന്ന് പാലക്കാട്ടേക്കും തിരിച്ചും ലോറികളും മറ്റു വാഹനങ്ങളും വടക്കാഞ്ചേരി സംസ്ഥാന പാതയിലൂടെ കടത്തി വിട്ടാണ് കുതിരാനിലെ കുരുക്ക് ഒഴിവാക്കിയത്.നിലവിൽ ഗതാഗത തടസ്സം സ്ഥിരമായ സാഹചര്യത്തിൽ കൂടുതലായി കടന്നു വന്ന വാഹനങ്ങൾ ഏറെ തടസ്സങ്ങൾ ഉണ്ടാക്കി.കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കാൻ കഴിയാതെ കുഴങ്ങി.രോഗികളുമായി പോകുന്ന ആംബുലൻസുകൾ മെഡിക്കൽ കോളേജിലേക്ക് എത്തിപ്പെടാൻ ഏറെ പണിപ്പെട്ടു.പോക്കറ്റ് റോഡിൽ നിന്ന് വരുന്ന ചെറു വാഹനങ്ങൾ സംസ്ഥാന പാതയിലേക്ക് കയാറാനാവാതെ കുരുങ്ങി.പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകളും മഴക്കാലം ആയതോടെ അതിൽ കെട്ടിക്കിടക്കുന്ന വെള്ളവും നിരവധി അപകടങ്ങൾ ഉണ്ടാക്കാനുള്ള സാഹചര്യത്തിലാണ് കൂടിക്കൂടി വരുന്ന ഗതാഗത കുരുക്കും ചേർന്ന് പൊതുജനങ്ങളെ വലക്കുന്നത്.