![]()
വരവൂര്‍ : വരവൂർ തളിയിൽ പട്ടാപ്പകൽ വീട്ടിൽ കയറിയ മോഷ്ടാക്കൾ വീട്ടമ്മയെ കെട്ടിയിട്ട് കവർച്ചാ ശ്രമം. തളി നടുവട്ടം അമ്മറയിൽ അബ്ദുൾ ഖാദറിന്റെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. അബ്ലുൾ ഖാദറിന്റെ ഭാര്യ ഷെറീഫയാണ് മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന വീട്ടമ്മയെ തൈല കച്ചവടത്തിനെന്ന വ്യാജേനെ വീട്ടിലെത്തിയ സ്ത്രീയും പുരുഷനും അടങ്ങുന്ന മോഷ്ടാക്കൾ ആക്രമിച്ച് കീഴ്പ്പെടുത്തിയതിന് ശേഷം കൈകൾ കെട്ടിയിട്ട് വായിൽ കടലാസ് തിരുകി പ്ലാസ്റ്റർ ഒട്ടിച്ചാണ് കവർച്ചാ ശ്രമം നടത്തിയത്. ഇവരുടെ കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിച്ചെടുത്തെങ്കിലും സ്വർണ്ണമല്ലായെന്ന് തിരിച്ചറിഞ്ഞതിനാൽ ഉപേക്ഷിച്ചു. വീടിനകത്തെ അലമാരകൾ തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട് തിരച്ചിൽ നടത്തുന്നതിനിടയിൽ വീടിന്റെ പുറക് വശത്ത് കൂടി ഇറങ്ങിയോടിയ വീട്ടമ്മ അയൽ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു.വിവരമറിഞ്ഞ് നാട്ടുകാർ ഓടികൂടിയപ്പോഴേക്കും മോഷ്ടാക്കൾ കടന്ന് കളഞ്ഞു. അബോധാവസ്ഥയിലാ വീട്ടമ്മയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൾ ഖാദർ വിദേശത്താണ്.മക്കളിൽ ഒരാൾ ജോലിക്കും,ഒരാൾ പഠിക്കുവാനും പോയിരിക്കുകയായിരുന്നു.തൃശൂർ റൂറൽ എസ്.പി. യദീഷ് ചന്ദ്ര, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. എസ് ദേവമനോഹർ, കുന്നംകുളം ഡി.വൈ.എസ്.പി. പി.വിശ്വംംഭരൻ, എരുമപ്പെട്ടി എസ്.ഐ. സിബീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.