ടാങ്കർ ലോറി വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി അമ്മയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു

വടക്കാഞ്ചേരി : പുലർച്ചെ വീട്ടിനുള്ളിലേക്ക് ടാങ്കർ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞുങ്ങളും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. മുളങ്കുന്നത്തുകാവ് ഗ്രാമല കോളനിയിൽ ബിനേഷിന്റെ ഭാര്യ ദിവ്യ , മക്കളായ നന്ദന ,നിവേദ് എന്നിവർക്കാണ് പരിക്കേറ്റത്. അത്താണി സിൽക്കിലെ ജീവനക്കാരനായ ബിനേഷ് രാത്രി ഷിഫ്റ്റിൽ ജോലിക്ക് പോയിരിക്കുകയായിരുന്നു.പെരിന്തൽമണ്ണയിൽ നിന്ന് മണ്ണെണ്ണ ഇറക്കിയ ശേഷം എറണാകുളത്തെക്ക് പോയ ലോറിയാണ്  അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ലോറി വീടിന്റെ മതിലും ഭിത്തിയും തകർത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം എന്ന് കരുതുന്നു.തൃശ്ശൂരിൽ നിന്നും വടക്കാഞ്ചേരിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഫയർഫോഴ്‌സ് ഓഫീസർ എ. സി.ലാസർ, ലീഡിങ് ഫയർമാന്മാരായ അനിൽ ,ജോൺ ബ്രിട്ടോ,ലൈജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.പോലീസും സ്ഥലത്തെത്തിയിരുന്നു.