പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു.

വടക്കാഞ്ചേരി : പ്രശസ്ത ബാലസാഹിത്യകാരി സുമംഗല (ലീല നമ്പൂതിരിപ്പാട്) അന്തരിച്ചു. കുമാരനെല്ലൂരിലെ വീട്ടിൽ ചൊവ്വാഴ്ച വൈകീട്ട് 6 മണിക്കായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകാലമായി സാഹിത്യത്തിൽ നിറ സാന്നിദ്ധ്യമായിരുന്ന സുമംഗല, ബാലസാഹിത്യകാരി എന്ന നിലയിൽ കൂടുതൽ പ്രശസ്തി നേടി. സുമംഗല രചിച്ച 37 പുസ്തകങ്ങളിൽ 23 എണ്ണം ബാലസാഹിത്യമാണ്. കൂടാതെ പഞ്ചതന്ത്രം, വാൽമീകി രാമായണം എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1936 മേയ് 16 ന് എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും ഉമ അന്തർജ്ജനത്തിന്റെയും മകളായി ജനിച്ച സുമംഗല സാഹിത്യ രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1979- ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1999- ൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും ലഭിച്ചിട്ടുണ്ട്. ദേശമംഗലം അഷ്ടമൂർത്തി നമ്പൂതിരിപ്പാടാണ് ഭർത്താവ്. മക്കൾ- ഡോ. ഉഷ, നാരായണൻ, അഷ്ടമൂർത്തി. മരുമക്കൾ- ഡോ.നീലകണ്ഠൻ, ഉഷ, ഗൗരി.