അനധികൃത മണ്ണെടുപ്പ് നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു

എരുമപ്പെട്ടി : കോട്ടപ്പുറം, ആറ്റത്ര ചീനിക്കുണ്ട് കോളനിക്ക് സമീപം കുന്നിടിച്ചു മണ്ണെടുക്കുന്നത് നാട്ടുകാർ ചേർന്ന് തടഞ്ഞു. മണ്ണെടുപ്പിനെതിരെ പോലീസിലും മറ്റ് അധികൃതർക്കും നിരവധി തവണ പരാതികൾ നൽകിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് നാട്ടുകാർ തന്നെ നേരിട്ട് ഇറങ്ങിയത്.അങ്കണവാടി റോഡിലൂടെ മണ്ണ് കയറ്റിയ വാഹനങ്ങൾ പോകുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ദോഷം ഉണ്ടാക്കുന്നുണ്ട്.പൊടി ശ്വസിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാണ്.ഇതിനു പുറമേ ഭാരം കയറ്റിയ ലോറി കയറി ശുദ്ധജല പൈപ്പുകൾ പൊട്ടുകയും ചെയ്യാറുണ്ട്. മിഠായി കമ്പനി തുടങ്ങുന്നതിനാണ് മണ്ണെടുക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും റിയൽ എസ്റ്റേറ്റ് ആണ് ലക്ഷ്യമെന്ന് നാട്ടുകാർ പറയുന്നു.ഇതേ തുടർന്നാണ് സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേർ ചേർന്ന് മണ്ണെടുപ്പ് തടഞ്ഞത്.