ചന്ദനം മുറിക്കാൻ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ

വടക്കാഞ്ചേരി : ശനിയാഴ്ച അർദ്ധരാത്രി മച്ചാട് വനത്തിലെ ചെപ്പലക്കോട് തോട്ടത്തിൽ നിന്ന് ചന്ദനം കടത്താൻ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശികളെ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന വാഴാനി ഫോറെസ്റ്റ് സ്റ്റേഷനിലെ വനപാലകർ പിടികൂടി.ഇവരിൽ നിന്നും മുറിച്ച ചന്ദനമരകഷ്ണങ്ങളും മുറിക്കാനുപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തു. പകൽ സമയത്ത് വനത്തിലെത്തി ചന്ദന മരങ്ങൾ കണ്ടെത്തി രാത്രിയിലാണ് മോഷണം നടത്തുക, തുടർന്ന് തമിഴ്നാട്ടിലെത്തിച്ചു സുഹൃത്തുക്കൾ വഴി വിൽപ്പന നടത്തുകയാണ് പതിവ്. വാഴാനി സെക്ഷൻ ഫോറസ്റ് ഓഫീസർ കെ.ബി.ശോഭൻ ബാബു, ഫോറസ്റ് ഓഫീസർമാരായ പി.എസ്.സന്ദീപ്, എ. എച്ച്. ഷാനിബ്, ഡ്രൈവർ കെ.പി.ഗോപകുമാർ, വാച്ചർമാരായ എസ്.നിക്സൻ,കെ.ആർ. വിശ്വനാഥൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.