എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ജംഷീലയ്ക്ക് സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണ്ണം

എരുമപ്പെട്ടി : സംസ്ഥാന സ്കൂൾ കായികമേളയിൽ എരുമപ്പെട്ടി ജി.എച്ച്. എസ്.എസ്സിന് സുവർണ്ണ നേട്ടം . സീനിയർ പെൺകുട്ടികളുടെ 400 മീറ്ററിലാണ് ടി. ജെ.ജംഷീല സുവർണ്ണ നേട്ടം കൈവരിച്ചത്.റവന്യൂ ജില്ലാ കായികമേളയിൽ പങ്കെടുത്ത മൂന്നിനങ്ങളിലും സ്വർണ്ണവും വ്യക്തിഗത ചാംപ്യൻഷിപ്പും ജംഷീല നേടിയിരുന്നു.100,200,400 മീറ്റർ സ്പ്രിന്റ് ഇനങ്ങളിലാണ് മത്സരിച്ചത്. മൂന്ന് വർഷമായി കോച്ച് മുഹമ്മദ് ഹനീഫയുടെ കീഴിലാണ് പരിശീലനം. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന മാർ.ബേസിലിന്റെയും സായിയുടെയും താരങ്ങളെ മറികടന്നാണ് ജംഷീല സ്വർണം നേടിയത്. 2008 ലാണ് ഇതിനു മുൻപ് സ്കൂളിന് സ്വർണം കിട്ടിയത്. എരുമപ്പെട്ടി തെക്കേപ്പുറത്തു ലൈലയുടെ മകളാണ് ജംഷീല. സ്വന്തമായി വീടില്ലാത്തതിനാൽ വാടക വീട്ടിലാണ് താമസം .അമ്മ ലൈലയുടെ ചെറിയ വരുമാനം കൊണ്ടാണ് ജീവിതം . കോച്ച് മുഹമ്മദ് ഹനീഫയാണ് ജെംഷീലയ്ക്ക് കായിക പരിശീലനത്തിനാവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകിയത്. ജില്ലാ ,സംസ്ഥാന,ദേശീയ തലങ്ങളിലും നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ സ്വർണ്ണവും വെങ്കലവും, സംസ്ഥാന തലത്തിൽ സ്വർണ്ണവും വെള്ളിയും ജംഷീല നേടിയെടുത്തു.