വടക്കാഞ്ചേരിയിൽ അവസാനിക്കാത്ത മോഷണ പരമ്പര

വടക്കാഞ്ചേരി : വടക്കാഞ്ചേരി ടൗണിൽ മോഷണ പരമ്പര അവസാനിക്കുന്നില്ല.വ്യാഴാഴ്ച രാത്രി പോലീസ് സ്റ്റേഷന് സമീപം രണ്ടു വ്യാപാര സ്ഥാപനങ്ങളുടെ പൂട്ടുകൾ മോഷ്ടാക്കൾ തകർത്തു. ദിവസങ്ങൾക്ക് മുൻപ് എങ്കക്കാടും ഉത്രാളിക്കാവിലും നിരവധി വീടുകളിൽ മോഷ്ടാക്കൾ കയറിയിരുന്നു.ഇതോടെ നാട്ടുകാർ ഏറെ ഭയത്തിലായി.വടക്കാഞ്ചേരി പുഴപാലത്തിന് സമീപം പടിഞ്ഞാറ്റുമുറി സ്വദേശി ഞാറക്കുളങ്ങര ശങ്കരനാരായണന്റെ 'നമ്പീശൻ ഡയറിയിൽ പൂട്ട് തകർത്തു കയറിയ മോഷ്ടാക്കൾ സെയ്ഫിൽ നിന്നും 8000 രൂപ കവർന്നു. ശേഷം പുന്നംപറമ്പ് സ്വദേശി ജയന്റെ സ്റ്റിച്ചിങ് സെന്ററിന്റെയും പൂട്ട് തകർത്തു എങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പുലർച്ചെ പാലുമായി എത്തിയവരാണ് പൂട്ട് തകർന്ന് കിടക്കുന്നത് ആദ്യം കണ്ടത്. ഇതിനിടെ ഒരുപാട് രേഖകൾ അടങ്ങിയ ഒരു ബാഗ് സമീപത്തു നിന്നും ലഭിച്ചിട്ടുണ്ട്. പോലീസ് സംഭവ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു.