വാഹന അപകടത്തിൽപ്പെട്ട വയോധികനു മന്ത്രി എ.സി.മൊയ്തീൻ തുണയായി.
വടക്കാഞ്ചേരി : സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരന് മന്ത്രി മൊയ്തീൻ തുണയായി.തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയ്ക്കാണ് സംഭവം.തൃശ്ശൂർ-ഷൊർണ്ണൂർ സംസ്ഥാന പാതയിലെ പരുത്തിപ്രയിലാണ് വഴിയാത്രക്കാരനായ വയോധികന് സ്വകാര്യ ബസ്സിടിച്ച് തലക്ക് പരിക്കേറ്റത്. ചോരയിൽ കുളിച്ച് റോഡിൽ കിടന്നിരുന്ന വയോധികനെ കണ്ട വ്യവസായ മന്ത്രി എ.സി.മൊയ്തീൻ കാർ നിർത്തി റോഡിലിറങ്ങുകയും തന്റെ ഔദ്യോഗിക വാഹനത്തിൽ വയോധികനെ കയറ്റി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വടക്കാഞ്ചേരിയിൽ നിന്നും പാലക്കാട്ടേക്കുള്ള യാത്രയിലായിരുന്നു മന്ത്രി.അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ഗൺമാൻ സുധീറും ഡ്രൈവർ അരുണും ആശുപത്രിയിൽ പോയി തിരിച്ചെത്തുംവരെ മന്ത്രി വഴിയോരത്ത് തന്നെയായിരുന്നു.അര മണിക്കൂറോളം കാത്തു നിന്ന മന്ത്രി യാത്രക്കാർക്കാവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകിയാണ് യാത്ര തുടർന്നത്.