ജലസ്രോതസുകളുടെ സംരക്ഷണത്തിന് കുട്ടിപ്പോലീസ്

വടക്കാഞ്ചേരി : തൃശൂർ റൂറൽ സ്റ്റുഡൻറ്സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ജലസ്രോതസുകളുടെ സംരക്ഷണം എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ആറ്റൂർ അറഫ സ്‌കൂളിൽ നടക്കുന്ന വേനൽ ക്യാമ്പിന്റെ ഭാഗമായി 'പുഴയും ജലസ്രോതസുകളും സംരക്ഷിക്കാം' എന്ന ആഹ്വാനവുമായി ഭരതപ്പുഴയിലേക്ക് യാത്ര നടത്തി.ജില്ലയിലെ 27 സ്‌കൂളുകളിൽ നിന്നായി എത്തിയ 600 കേഡറ്റുകൾ പുഴയുടെ സംരക്ഷണത്തിനായുള്ള പദ്ധതികൾ ചർച്ച ചെയ്യുകയും പുഴയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.പുഴകളെയും മറ്റു ജലസ്രോതസുകളുടെയും വിശദമായ വിവരങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ ശേഖരിക്കുകയും ശുചീകരണം, ബോധവൽക്കരണം തുടങ്ങി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുക എന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് എസ്.പി.സി.അറിയിച്ചു. മാധ്യമപ്രവർത്തകൻ വി.മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. അറഫ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എസ്.ഹംസ എസ്.പി.സി.ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.വിനോദ് കുമാർ,കെ.പി.സജയൻ തുടങ്ങിയവർ പ്രസംഗിച്ചു.