ശസ്‌ത്രക്രിയയിലൂടെ രോഗിയുടെ മൂക്കിൽ നിന്നും നീക്കിയത്. 25 ഗ്രാം തൂക്കമുള്ള കല്ല്

വടക്കാഞ്ചേരി : ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 50 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൂക്കിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 25 ഗ്രാമോളം തൂക്കമുള്ള കല്ല്. ശക്തിയായ വേദനയും മൂക്കിൽ നിന്ന് രക്തം വരുന്നതുമായ ലക്ഷണങ്ങളാൽ ആണ് രോഗി ചികിത്സ തേടിയെത്തിയത്.പരിശോധനയിൽ മൂക്കിൽ എന്തോ വസ്തു തടഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കിയ ഡോക്ടർ തുടർ പരിശോധനയിൽ കല്ല് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.ചെറുപ്പത്തിൽ കയറിയ എന്തോ വസ്തു കല്ലായി മാറുകയായിരുന്നു എന്ന് ചികിത്സ നൽകിയ ഇ. എൻ.ടി. ഡോക്ടർ വി.ഐ അസീന പറയുന്നു.25 വർഷത്തോളമായി ഈ കല്ല് രോഗിയുടെ മൂക്കിൽ ഉണ്ടായിരുന്നു. ശസ്ത്രക്രിയയുടെ വിജയത്തിന് പുറകിൽ അനസ്‌തേഷ്യ വിഭാഗം ഡോക്ടർ ബീന,ഡോക്ടർ അഷ്ടമൂർത്തി ,സ്റ്റാഫ് നഴ്‌സ് സൽമുത്തു എന്നിവരുടെയും പരിശ്രമം ഉണ്ടായിരുന്നു.