എങ്കക്കാട് സ്‌കൂളിന് ഫിറ്റ്നസ് ധാരണയായി
എങ്കക്കാട് : എങ്കക്കാട് ആർ.എസ്.എൽ.പി.സ്‌കൂളിലെ അവശേഷിക്കുന്ന പണികൾ എല്ലാം പൂർത്തിയാക്കി ഫിറ്റ്നസ് ഉറപ്പാക്കാൻ ധാരണയായി.താലൂക്ക് വികസന സമിതിയുടെ തീരുമാന പ്രകാരം സ്‌കൂളിൽ വച്ച് തഹസിൽദാർ ഇ. എൻ.രാജു വിളിച്ചു ചേർത്ത യോഗത്തിൽ ഈ മാസം 29 ഓടെ പണികൾ പൂർത്തീകരിക്കാൻ തീരുമാനമായി.യോഗത്തിൽ സ്‌കൂൾ മാനേജ്‌മെന്റ്, സ്‌കൂൾ സംരക്ഷണ സമിതി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 21 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സാന്നിധ്യത്തിൽ രക്ഷാകർതൃ യോഗം വിളിച്ചു ചേർക്കാനും , സ്‌കൂൾ മാനേജ്‌മെന്റ് യോഗം ചേരാനും തീരുമാനമായി. നിർദ്ദേശിച്ച പ്രവർത്തികൾ പൂർത്തീകരിക്കാൻ ചാലഞ്ച് ഫണ്ട് ലഭ്യമാക്കാനുള്ള നടപടികൾ നഗരസഭ സ്വീകരിക്കും.യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ,സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ.പ്രമോദ് കുമാർ, കൗൺസിലർ വി.പി.മധു, എ. ഇ. ഒ. പി.വി.സിദ്ധിഖ്, സംരക്ഷണ സമിതി സെക്രട്ടറി സതീഷ് കുമാർ , പ്രധാന അധ്യാപകൻ എം.ബി.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.