പുനർജ്ജീവനം കാത്ത് എങ്കക്കാട് സ്‌കൂൾ

എങ്കക്കാട് : 93 വർഷം പഴക്കമുള്ള എങ്കക്കാട് ആർ.എസ്.എൽ.പി.സ്‌കൂളിന്റെ തകർന്നു വീഴാറായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കണമെന്ന് സ്‌കൂൾ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അടച്ചുപൂട്ടലിന്റെ വക്കിൽ നിൽക്കുന്ന, സ്റ്റാഫ് മാനേജ്‌മെന്റിനാൽ നിയന്ത്രിക്കപ്പെട്ട സ്‌കൂളിൽ 2014 ൽ ആണ് സംരക്ഷണ സമിതി രൂപീകരിച്ചത്.ഇതിന്റെ ഭാഗമായി നാലു വർഷത്തിനുള്ളിൽ പുതിയ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുവാനും ഫർണിച്ചറുകൾ വാങ്ങുവാനും അടുക്കള, ടോയ്‌ലറ്റ് സൗകര്യങ്ങൾ ഒരുക്കാനും സമിതിക്ക് കഴിഞ്ഞു.പുതിയ അധ്യാപകരെ നിയമിക്കുന്ന അവസരത്തിൽ സമിതിയുമായും പി.ടി.എ. യുമായും ചർച്ച ചെയ്‌തതിന് ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് നാട്ടുകാരിൽ നിന്നടക്കം ലക്ഷങ്ങൾ സമാഹരിച്ചു നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.എന്നാൽ ഇപ്പോൾ നിയമന നടപടികളിൽ സംരക്ഷണ സമിതിയെ ഉൾപ്പെടുത്താതെ മാനേജ്‌മെന്റ് തനിയെ തീരുമാനം എടുക്കാൻ ശ്രമിക്കുകയാണെന്നും ലക്ഷങ്ങൾ വാങ്ങി നിയമനം നടത്താൻ ആണ് ലക്ഷ്യമിടുന്നതെന്നും ആരോപിച്ചു സംസ്ഥാന സർക്കാരിന് പരാതി നൽകി.നാട്ടുകാരിൽ നിന്നും പണം സമാഹരിച്ചു സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും , തുടർന്ന് പണം വാങ്ങി അധ്യാപക നിയമനം നടത്താനുള്ള ശ്രമത്തെ എതിർക്കുമെന്നും സമിതി അറിയിച്ചു.കെട്ടിടത്തിന്റെ സുരക്ഷയുടെ പേരിൽ സ്‌കൂൾ അടച്ചു പൂട്ടാനുള്ള നീക്കത്തെ തടയുമെന്ന് സംരക്ഷണ സമിതി ഭാരവാഹികളായ സതീഷ് കുമാർ,പി.എം.രാഘവൻ, കെ.കെ.സുരേന്ദ്രൻ, ടി.പി.ഗിരീശൻ, വി.അനിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.