എങ്കക്കാട് എൽ.പി.സ്‌കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്‌കൂൾ സംരക്ഷണ സമിതി

എങ്കക്കാട് : അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന എങ്കക്കാട് രാമ സ്മാരക എൽ.പി.സ്‌കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് സ്‌കൂൾ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.സ്‌കൂളിൽ പുതിയ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിലർ പി.വി.മധുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നിരുന്ന സ്‌കൂളിനെ പുനരുദ്ധരിക്കാൻ നാല് വർഷം മുൻപാണ് നാട്ടുകാരുടെ സഹകരണത്തിൽ സ്‌കൂൾ സംരക്ഷണ സമിതി നിലവിൽ വന്നത്. കൊല്ലങ്ങൾ കഴിയും തോറും കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നതിനെ തുടർന്നാണ് ഒരു സമിതി എന്ന ആശയം വന്നത്.സമിതിയുടെ പ്രവർത്തന ഫലമായി 60 കുട്ടികൾ ഉണ്ടായിരുന്നതിൽ നിന്നും 170 ആയി ഉയർത്താൻ കഴിഞ്ഞു. സംരക്ഷണ സമിതി നിലവിൽ വന്നതിന് ശേഷം നാട്ടുകാരുടെയും പൂർവ്വവിദ്യാർഥികളുടെയും സഹകരണത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ചു സ്‌കൂൾ നവീകരണ പ്രവർത്തനങ്ങൾ നടത്തി. അതിന്റെ ഭാഗമായി നടന്ന അധ്യാപക നിയമന യോഗമാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കണം എന്ന ആവശ്യം ഉന്നയിച്ചത്.