വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ വ്യാഴാഴ്ച നടക്കും

വടക്കാഞ്ചേരി : വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ ചടങ്ങ് 30 ന് നടക്കും. പുലർച്ചെ മൂന്ന് മണിക്ക് വില്വാദ്രിനാഥക്ഷേത്രം മേൽശാന്തി ദാമോദരൻ നമ്പൂതിരിയുടെയും, ക്ഷേത്രം ജീവനക്കാരുടെയും, ദേവസ്വം ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ ക്ഷേത്രത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള വില്വാമലയിലേക്ക് പുറപ്പെടും. വൃശ്ചികത്തിലെ ഏകാദശി നാളിലാണ് നൂഴൽ നടക്കുക.പരശുരാമൻ നിഗ്രഹിച്ച ക്ഷത്രിയാത്മാക്കളുടെ മോക്ഷാർദ്ദം  ദേവഗുരു ബൃഹസ്പതിയുടെ ഉപദേശപ്രകാരം വിശ്വകർമ്മ വിനാൽ പണികഴിപ്പിച്ചതാണ് പുനർജ്ജനി ഗുഹ എന്നാണ് ഭക്ത വിശ്വാസം. വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ ചടങ്ങിൽ ആയിരങ്ങൾ പങ്കെടുക്കുകയും പുനർജനി നേടുകയും ചെയ്യും. പുനർജ്ജനി നൂഴുന്നതിനാവശ്യമായ ടോക്കൺ വിതരണം ബുധനാഴ്ച വൈകിട്ട് മുതൽ ഓഫീസിൽ നിന്നും ലഭിക്കും.കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവില്വാമല ഗ്രാമ പഞ്ചായത്ത്, സേവാഭാരതി,പ്രത്യേക മെഡിക്കൽ സംഘം, പോലീസ് സംഘം എന്നിവരുടെ സേവനം ലഭ്യമാക്കിയതായും ദേവസ്വം മാനേജർ അറിയിച്ചു.