ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം വരവൂർ ഗവ.എൽ.പി.സ്‌കൂളിൽ നടന്നു

വരവൂര്‍ : ജില്ലാ തല പ്രവേശനോത്സവം വരവൂർ ഗവ.എൽ.പി.സ്‌കൂളിൽ മന്ത്രി ശ്രീ. എ. സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു.യു.ആർ.പ്രദീപ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിച്ചു. സ്‌കൂളുകളുടെ വിവിധ സൗകര്യങ്ങളുടെ വികസനത്തിന് കോടിക്കണക്കിന് രൂപയാണ് സർക്കാർ ചിലവഴിക്കുന്നത് എന്നും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം സർക്കാർ തുടങ്ങിവച്ചത് നാട്ടുകാർ ഏറ്റെടുത്ത് സരക്ഷിക്കണം എന്നും മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആർ.എൽ.വി.രാമകൃഷ്ണൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ.ആർ.മല്ലിക,ജില്ലാ പ്രോജക്ട് ഓഫീസർ ബിന്ദു പരമേശ്വരൻ, വരവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബാബു,വരവൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാന അധ്യാപിക വി.ഡി.രതി ,എൽ.പി .സ്‌കൂൾ പ്രധാന അധ്യാപകൻ എം.ബി.പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാതല പ്രവേശനോത്സവത്തിന്റെ ഭാഗമായി വർണാഭമായ ഘോഷയാത്ര നടന്നു.ശിങ്കാരിമേളം, കൊമ്പുപറ്റ്, കാവടി ,പുലിക്കളി,തെയ്യം എന്നിവയും ഘോഷയാത്രയുടെ ഭാഗമായി. ഉദ്ഘാടനവേദിയിൽ പ്ലാവിൻ തൈകളുടെ വിതരണവും നടന്നു.