മൂന്ന് ആനകളെ വീതം നിരത്തി ഉത്രാളിക്കാവ് പൂരം നടത്താൻ ആലോചന

വടക്കാഞ്ചേരി : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഈ വർഷത്തെ ഉത്രാളിക്കാവ് പൂരം മൂന്ന് ആനകളെ വീതം നിരത്തി നടത്താൻ ദേശങ്ങൾ ആലോചന നടത്തുന്നു. 2021 മാർച്ച് 2 നാണു ഈ വർഷത്തെ പൂരം. എങ്കക്കാട് ദേശം പൂര നടത്തിപ്പിന് കമ്മറ്റി രൂപീകരിച്ചു. വടക്കാഞ്ചേരി , കുമരനെല്ലൂർ ദേശങ്ങൾ ഞായറാഴ്ച യോഗം ചേരും. മുൻവർഷങ്ങളിലെ പോലെ പതിനൊന്നു ആനകളെ നിരത്താൻ സാധിക്കില്ലെങ്കിലും ഭഗവതിയെ എഴുന്നള്ളിക്കുന്ന ആനക്ക് ഇരുവശത്തും ഓരോ ആനകളെ കൂടി നിരത്തി മൂന്ന് ആനകളെ വച്ച് പൂരം നടത്താനാണ് ദേശങ്ങൾ ശ്രമിക്കുന്നത്. പഞ്ചവാദ്യം , മേളം, വെടിക്കെട്ട് കാഴ്ച്ചപ്പന്തൽ എന്നിവയെല്ലാം ഒരുക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പൂരം നടത്താൻ കഴിയുമെന്നാണ് മൂന്നു ദേശക്കാരും കരുതുന്നത്. ഞായറാഴ്ച നടക്കുന്ന പൊതുയോഗത്തിൽ കൂടുതൽ തിരുമാനങ്ങൾ കൈക്കൊള്ളും