പത്താഴക്കുണ്ട് അണക്കെട്ടിൽ ചോർച്ച തുടരുന്നു
വടക്കാഞ്ചേരി : കോടികൾ മുടക്കി പണികൾ നടത്തിയിട്ടും പത്താഴക്കുണ്ട് അണക്കെട്ടിൽ ചോർച്ച തുടരുകയാണ്. ഈ വർഷകാലത്തും അണക്കെട്ടിൽ വെള്ളം സംഭരിക്കാൻ ആയില്ല.ചോർച്ച മൂലം കനാൽ വഴി വെള്ളം ഒഴുകി പോവുകയാണ്.കാലവർഷത്തിന് മുൻപ് അണക്കെട്ടിന്റെ പണികളെല്ലാം പൂർത്തിയാക്കാനുള്ള ചെറുകിട ജലസേചന വകുപ്പിന്റെ ശ്രമങ്ങളെല്ലാം വിഫലമായി.അണക്കെട്ടിന്റെ പ്രവർത്തനങ്ങൾക്കായി ഒന്നാംഘട്ടം രണ്ടു കോടിയും രണ്ടാംഘട്ടം 1.83 കോടിയും ചിലവഴിച്ചു.പൂനെയിൽ നിന്നുള്ള എൻജിനീയറിങ് വിദഗ്ധരുടെ നിർദ്ദേശപ്രകാരം ആണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.അണക്കെട്ടിലെ ഇൻടേക്ക് വെൽ ലൈനിങ് ,ഷട്ടറിന്റെ റബ്ബർ ബീഡിങ് എന്നീ പ്രവർത്തികൾ ശേഷിക്കുന്നു.അണക്കെട്ടിലെ വെള്ളം, കൃഷി ആവശ്യങ്ങൾക്ക് പുറമെ വടക്കാഞ്ചേരി നഗരസഭ , തെക്കും കര പഞ്ചായത്ത്, മെഡിക്കൽ കോളേജ് എന്നിവയ്ക്കുള്ള ശുദ്ധജല സ്രോതസ്സായി കൂടി പരിഗണിച്ചാണ് കോടികൾ ചിലവഴിച്ചുള്ള പദ്ധതി രൂപകൽപ്പന ചെയ്തത്.കരാർ അവസാനിക്കാൻ അഞ്ചു മാസം കൂടി ഉണ്ടെന്നാണ് അധികൃതരുടെ വാദം. കഴിഞ്ഞ ദിവസം ജലസേചന വിഭാഗം ചീഫ് എൻജിനീയർ അണക്കെട്ടിലെത്തി തുലാവർഷത്തിന് മുൻപ് പ്രവർത്തികൾ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി.