പാർളിക്കാട് കവർച്ച പ്രതികളെ പിടികൂടി.

വടക്കാഞ്ചേരി : 10-ാം തിയ്യതി ഞായറാഴ്ചയാണ് പ്രതികൾ തൃശൂർ -ഷൊർണ്ണൂർ ഹൈവേയിലെ വടക്കാഞ്ചേരി പാർലിക്കാട് വെച്ച് തകരാർ സംഭവിച്ചതിനെ തുടർന്ന് നിർത്തിയിട്ട കാറിലെ ദമ്പതികളെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്നത്. പാലക്കാട് പാഞ്ചജന്യം വിനോദും കുടുംബവുമാണ് ആക്രമണത്തിനയായത്. ഈ കേസ് അന്വേഷണം നടത്തിയിരുന്ന വടക്കാഞ്ചേരി സി.ഐ. ടി.എസ്.ഷിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ബുധനാഴ്ച രാത്രിയിൽ അന്വേഷണ സംഘം വാഹന പരിശോധ നടത്തുന്നതിനിടയിൽ പ്രതികൾ രണ്ട് ബൈക്കുകളിലായി ഹൈവേയിലൂടെ സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്. കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വമ്പരന്റെ നേത്യത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ സമാനമായ 12 ഓളം കവർച്ചകൾ പ്രതികൾ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പാഴിയോട്ട്മുറിയിൽ വീട് കുത്തിതുറന്ന് സ്വർണ്ണം കവരുകയും വെള്ളറക്കാട് മുക്രിയത്ത് ഓഡിറ്റോറിയത്തിൽ നിന്ന് ബുള്ളറ്റ് മോഷ്ടിക്കുകയും ചെയ്തത് ഈ പ്രതികൾ തന്നെയാണ്.കുപ്രസിദ്ധ മോഷ്ടക്കളായ തൃശൂർ പുത്തൂർ ചൂണ്ടയിൽ വീട്ടിൽ ബുള്ളറ്റ് ബാബു എന്ന് വിളിക്കുന്ന ബാബു രാജ്, മണ്ണുത്തി ചുവന്നമണ്ണ് സ്വദേശികളായ കളത്തിങ്കൽ വീട്ടിൽ ബെൽറ്റ് ഷെമീറെന്ന ഷെമീർ, മനവളപ്പിൽ വീട്ടിൽ ഡെന്നി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 11 തിയ്യതി തിങ്കളാഴ്ച പുലർച്ചെ 2 മണിക്ക് ശേഷമാണ് മോഷണങ്ങൾ നടന്നത്. പാഴിയോട്ട്മുറി കുരിശ് പള്ളിക്ക് സമീപം താമസിക്കുന്ന ശ്രീകൃഷ്ണ നിവാസിൽ ചന്ദ്രമോഹനന്റെ വീട്ടിൽ നിന്നാണ് മൂന്ന് പവ്വൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും പണമടങ്ങിയ പേഴ്സും മൊബൈൽ ഫോണും കവർന്നത്.വീടിന്റെ പിൻവശത്തെ വാതിൽ കമ്പിപാര ഉപയോഗിച്ച് തകർത്ത് അകത്ത് കയറി അലമാര കുത്തിതുറന്നാണ് കവർച്ച നടത്തിയത്. ഒന്നാം പ്രതി ബാബുരാജ് മാത്രമാണ് അകത്ത് കയറി മോഷണം നടത്തിയത്.ഈ സമയം മറ്റ് രണ്ട് പ്രതികളും പുറത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറന്ന് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ ഡോർ തുറക്കാൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് വെള്ളറക്കാട് മുക്രിയത്ത് ഓഡിറ്റോറിയത്തിൽ നിന്നും ബുള്ളറ്റ് കവർന്നത്. ഓഡിറ്റോറിയത്തിൽ നടന്നിരുന്ന റെഡ് വളണ്ടിയർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ വടക്കാഞ്ചേരി സ്വദേശി സനലിന്റെ ബുള്ളറ്റ് ബൈക്കാണ് മോഷ്ടിച്ചത്.പാഴിയോട്ട്മുറി തൊണ്ടിയിൽ വൈശാഖിന്റെ ബൈക്ക് മോഷ്ടിച്ച് കുറച്ചലെ റോഡരുകിലുള്ള ഇളനീർ കടയ്ക്ക് സമീപം ഉപേക്ഷിക്കുകയും , പാഴിയോട്ട്മുറി കുട്ടന്റെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് മുക്രിയത്ത് ഓഡിറ്റോറിയത്തിന് സമീപം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ മോഷണങ്ങൾ നടത്തിയതിന്റെ തലേദിവസമായ 36 വയസുള്ള കുപ്രസിദ്ധ മോഷ്ടാവ് ബാബുരാജ് 36 കേസുകളിൽ പ്രതിയാവുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.