കുറാഞ്ചേരി – പറമ്പായ റിസർവ് വനത്തിൽ തീ പടർന്നു

വടക്കാഞ്ചേരി : കുറാഞ്ചേരി - പറമ്പായ റിസർവ് വനത്തിൽ പട്ടാപ്പകൽ തീ പടർന്നു. അനധികൃതമായി കാട്ടിൽ കടന്ന് സാമൂഹ്യവിരുദ്ധർ തീയിട്ടതാണ് തീ പടരാൻ കാരണമായതെന്ന് വനപാലകർ പറഞ്ഞു. പറമ്പായ റിസർവ് വനത്തിൽ കാട്ടുതീ പ്രതിരോധിക്കാൻ ഫയർ ലൈൻ നിർമ്മിച്ചിരുന്നു.ഹെക്ടർ കണക്കിന് വനമേഖലയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് കാറ്റിൽ പടർന്ന തീ പാർളിക്കാട് അക്കേഷ്യ കാട്ടിലേക്ക് പടരും മുന്നേ അണച്ചു. വടക്കാഞ്ചേരിയിലെ അഗ്നിരക്ഷാ സേനയ്ക്കൊപ്പം വാഴാനി ഫയർ സ്റ്റേഷനിലെ വനപാലകരും സഹായത്തിനെത്തി. കഴിഞ്ഞ വർഷം ഈ സമയം ഏകദേശം 500 ഹെക്ടറോളം കാട് കത്തിനശിച്ചിരുന്നു. 2018 ൽ മാത്രം വടക്കാഞ്ചേരി അഗ്നിരക്ഷാ സേന മുപ്പതോളം തവണ കാട്ടുതീ അണച്ചു.