മദ്ദള കലാകാരൻ നെല്ലുവായ്‌ ശശിയെ ആദരിച്ചു

എരുമപ്പെട്ടി : മദ്ദള വാദനരംഗത്ത് നാലു പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രമുഖ മദ്ദള വാദ്യ കലാകാരൻ നെല്ലുവായ്‌ ശശിയെ ശിഷ്യന്മാരും നാട്ടുകാരും വാദ്യപ്രേമികളും ചേർന്ന് വീരശൃംഖല നൽകി ആദരിച്ചു.നെല്ലുവായ്‌ മുല്ലക്കൽ ക്ഷേത്ര മൈതാനത്തു സംഘടിപ്പിച്ച ആദരണ പരിപാടിയിൽ നിരവധി കലാകാരന്മാർ പങ്കെടുത്തു.ഒരു ദിവസം നീണ്ടുനിന്ന ചടങ്ങിൽ രാവിലെ ഗുരുവന്ദനത്തിൽ കലാമണ്ഡലം നാരായണൻ നമ്പീശൻ, കലാമണ്ഡലം നാരായണൻ നായർ, ചെർപ്പുളശ്ശേരി ശിവൻ,കലാമണ്ഡലം ശങ്കരവാരിയർഎന്നിവർ പങ്കെടുത്തു. തുടർന്ന് അഷ്ടപദിയും, ഇരട്ട തായമ്പകയും നടന്നു.ഉച്ചയ്ക്ക് സുഹൃത് സംഗമം ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. ചാലക്കുടി നാരായണൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. തുടർന്ന് എട്ട് വാദ്യങ്ങൾ നിരന്ന വാദ്യ വിസ്മയം നടന്നു.വൈകിട്ട്‌ നടന്ന പൊതുസമ്മേളനത്തിൽ കലാമണ്ഡലം ഗോപി നെല്ലുവായ്‌ ശശിക്ക് വീരശൃംഖല നൽകി ആദരിച്ചു. മന്ത്രി എ. സി.മൊയ്തീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ അധ്യക്ഷത വഹിച്ചു. സുന്ദർ മേനോൻ,പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ.നാരായണൻ,മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ,വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കേരളത്തിലെ പ്രമുഖ വാദ്യ കലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യവും നടന്നു.