വടക്കാഞ്ചേരി ബൈപ്പാസ് റോഡ് സ്ഥലപരിശോധന 30 ന്
വടക്കാഞ്ചേരി : ബൈപ്പാസ് റോഡിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് മന്ത്രി എ. സി.മൊയ്തീന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.നിർദിഷ്ട റോഡിന്റെ ഘടന നടന്നുകാണുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കളക്ടർ എ. കൗശികൻ നിർദ്ദേശിച്ചു. ഇതനുസരിച്ച് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും.പഠനം നടത്തിയ നാറ്റ്പാക് നിർദ്ദേശിച്ച വ്യതിചലന റോഡിന്റെ നിർദ്ദേശം ടൌൺ പ്ലാനിംഗ് വകുപ്പിലെ അസോസിയേറ്റ് പ്ലാനർ ബിജിത്, ടൌൺ പ്ലാനിംഗ് സർവേയർ പ്രദീപ് എന്നിവർ അവതരിപ്പിച്ചു. രണ്ട് സാധ്യതകളാണ് പ്ലാനിങ് വകുപ്പ് നിർദ്ദേശിച്ചത്.അതിൽ വടക്കാഞ്ചേരി റെയിൽ വേ ലൈനിന് സമാന്തരമായി പത്താംകല്ല് മുസ്ലിം പള്ളിക്ക് ശേഷം ആരംഭിച്ചു ഭരതൻ റോഡിലൂടെ അകമല ക്ഷേത്രത്തിന് മുൻപായി റെയിൽ വേ മേൽപ്പാലം നിർമ്മിച്ചു നിലവിലെ സംസ്ഥാന പാതയിലേക്ക് എത്താവുന്ന അലയ്ന്മെന്റ് നിശ്ചയിക്കാനാണ് യോഗത്തിൽ ധാരണയായത്.ഇതിലൂടെ നിർമ്മാണം നടത്തുമ്പോൾ റെയിൽ വേയുടെ ബി.ക്ലാസ്സ് ഭൂമി ഒഴിവാക്കാൻ എം.പി.യും വനഭൂമി ഒഴിവാക്കാൻ മന്ത്രിയും നിർദ്ദേശിച്ചു.വടക്കാഞ്ചേരി ബൈപ്പാസ് റോഡിന്റെ നിർമ്മാണത്തിന് സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചിരുന്നു.ഇതിനൊപ്പം ഭാവിയിലെ വികസന സാധ്യത പരിഗണിച്ചു കുറാഞ്ചേരി, വ്യാസ കോളജ്,കുമ്പളങ്ങാട്, കാഞ്ഞിരക്കോട്,ഒന്നാംകല്ല് വഴി പരുത്തിപ്രയിൽ എത്തിച്ചേരാവുന്ന വ്യതിചലന റോഡിനെക്കുറിച്ചും ചർച്ച ചെയ്‌തു.ഇതിന്റെ സാധ്യതാ പഠനം നടത്താനും നിർദ്ദേശിച്ചു.പി.കെ.ബിജു.എം.പി., അനിൽ അക്കരെ.എം.എൽ.എ., നഗരസഭ ഉപാധ്യക്ഷൻ എം.ആർ അനൂപ്.കിഷോർ,കൗൺസിലർ കെ.അജിത് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ കെ.ജി.രാജൻ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു പരമേശ് നഗരസഭ എൻജിനീയർ കെ.ശ്രുതി, നഗരസഭ സ്‌ഥിരം സമിതി അധ്യക്ഷരായ എം.ആർ.സോമനാരായണൻ,എൻ.കെ.പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.