ഗ്രന്ഥശാല രംഗത്തെ ആചാര്യൻ മച്ചാട് നീലകണ്ഠന് അന്ത്യാഞ്ജലി

വടക്കാഞ്ചേരി : ദീർഘ കാലം ഒന്നിച്ചു പ്രവർത്തിച്ച മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഗ്രന്ഥശാല പ്രവർത്തകർ കുളപ്പുരമംഗലത്തെ തെക്കേ പുഷ്പകത്തെത്തി ഗ്രന്ഥശാലാ രംഗത്തെ ആചാര്യന് അന്ത്യാഞ്ജലി അർപ്പിച്ചു.ഗ്രന്ഥശാല സംഘത്തിന്റെ സംസ്ഥാന - ജില്ലാ - താലൂക്ക് ഭാരവാഹികളും എത്തിയിരുന്നു. അനിൽ അക്കരെ എം.എൽ.എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ, തെക്കും കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ തുടങ്ങി നിരവധി പേർ പുഷ്പചക്രം അർപ്പിച്ചു. മച്ചാട് വിദ്വാൻ ഇളയത് വായനശാലയിൽ സർവ കക്ഷി അനുശോചന യോഗം ചേർന്നു.വായനശാല പ്രസിഡന്റ് എ. മാധവൻ അധ്യക്ഷത വഹിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ പുരോഗമന കലാ സാഹിത്യ സംഘം , സഹൃദയ സമിതി, മാനവ സാംസ്‌കൃതി തുടങ്ങി നിരവധി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. കണ്ണുകൾ ദാനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാൻ ബന്ധുക്കൾ തയ്യാറായി എങ്കിലും പ്രായാധിക്യം മൂലം ഡോക്ടർമാർ അനുവദിച്ചില്ല. അക്ഷരസ്നേഹികളായ നിരവധി ആളുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.