മച്ചാട് മാമാങ്കം ഇന്ന്

വടക്കാഞ്ചേരി : വിവിധ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും പരിസമാപ്തിയിൽ ഇന്ന് മച്ചാട് മാമാങ്കം.പനങ്ങാട്ടുകാര - കല്ലംപാറ ദേശങ്ങളാണ് ഇത്തവണ മാമാങ്കത്തിന് നേതൃത്വം നൽകുന്നത്. ഈ ദേശങ്ങളുടെ കാഴ്ച പന്തൽ ക്ഷേത്രത്തിലാണ് ഒരുക്കിയിരിക്കുന്നത്.ഇവയ്ക്ക് പുറമെ മറ്റു ദേശങ്ങളും പന്തൽ ഉയർത്തിയിട്ടുണ്ട്.ചൊവ്വാഴ്ച തട്ടകദേശങ്ങളിൽ നിന്നെത്തുന്ന കുതിരകൾ ഉച്ചയ്ക്ക് കാവുകയറും.മംഗലം, മണലിത്തറ,വിരുപ്പാക്ക, കരുമത്ര,പാർളിക്കാട്, ക്ഷേത്രം വക കുതിര എന്നിവയാണ് എഴുന്നള്ളിക്കുക.കുതിരകളെ തോളിലേറ്റി ക്ഷേത്രപ്രദക്ഷിണം നടത്തി ആകാശത്തേക്ക് എറിഞ്ഞു കളിക്കുന്നതാണ് മാമാങ്കത്തിന്റെ പ്രധാന കാഴ്ച. ഉച്ചയ്ക്ക് രണ്ടുമണിയോടെ പഞ്ചവാദ്യ അകമ്പടിയോടെ മാമാങ്കം എഴുന്നള്ളിപ്പ് തുടങ്ങും.കുനിശ്ശേരി അനിയൻ മാരാർ ആണ് പ്രമാണം.കുതിരവേലയ്ക്ക് ശേഷം പൂതൻ, തിറ, ഹരിജൻ വേല എന്നിവ കാവുകയറും.വൈകിട്ട് തായമ്പക, കൊമ്പു പറ്റ് എന്നിവയും നിയാസ് ബക്കർ,വൈക്കം വിജയലക്ഷ്മി എന്നിവർ നയിക്കുന്ന മെഗാ ഇവന്റും മമാങ്ക ആഘോഷഭാഗമായി നടക്കും .ബുധനാഴ്ച രാവിലെ കുതിരകളി,പൂതൻ,തിറ,ഹരിജൻ വേലയോടെ മമാങ്ക സമാപനം. ബുധനാഴ്ച മുതൽ ഫെബ്രുവരി 27 ചൊവ്വാഴ്ച വരെ വൈകീട്ട് കൂത്തുമാടത്തിൽ തുളസി കുത്തന്നൂരിന്റെ നേതൃത്വത്തിൽ തോൽപ്പാവക്കൂത്ത് അവതരണം ഉണ്ടാകും.