മനം നിറച്ച് മാമാങ്കം

വടക്കാഞ്ചേരി : തിരുവാണിക്കാവ് ഭഗവതി സന്നിധിയിൽ മമാങ്ക കാഴ്ച്ചകൾ നാടിന്റെ മനം നിറച്ചു.പനങ്ങാട്ടുകാര - കല്ലംപാറ ദേശങ്ങളുടെ നേതൃത്വത്തിൽ ഇത്തവണത്തെയും മാമാങ്ക ആഘോഷം മനം കവരുന്നതായിരുന്നു.കുതിര പുറപ്പാടിന് മുൻപുള്ള വെടിക്കെട്ടിന് പതിവ് മുഴക്കം ഉണ്ടായില്ല, എങ്കിലും കൊടും വെയിലിനെ അവഗണിച്ചു കൊയ്ത്തു കഴിഞ്ഞ പാടത്തിലൂടെ ദേശക്കാർ പൊയ്‌ക്കുതിരകളെ വഹിച്ചു ഉച്ചയ്ക്ക് കാവുകയറി.മണലിത്തറ ദേശത്തിന്റെ കുതിരയ്ക്ക് കുംഭകുടം അകമ്പടിയായി.ദേശങ്ങളുടെ കുതിരകൾക്ക് പുറമെ ക്ഷേത്രം വക രണ്ട്‌കുതിരകളും ഉണ്ടായിരുന്നു. പഞ്ചവാദ്യത്തിന് ശേഷം കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേളവും കഴിഞ്ഞ ശേഷമാണ് കുതിരകളി നടന്നത്.തിരുവാണിക്കാവിലമ്മയെ വണങ്ങിയതിന് ശേഷം കുതിരകളെ ആകാശത്തേക്ക് പൊക്കി എറിഞ്ഞു കളിക്കുന്നതാണ് മാമാങ്കത്തിന്റെ പ്രധാന കാഴ്ച.സ്വർണ്ണ തലയുമായി പാർളിക്കാടിന്റെ കുതിര വേറിട്ട കാഴ്ചയൊരുക്കി . ഇതിന് ശേഷം തിറ,പൂതൻ,ഹരിജൻ വേല എന്നിവയും നടന്നു.ബുധനാഴ്ച രാവിലെ കുതിരകളിയോടെ മാമാങ്കം സമാപിച്ചു.എന്നാൽ ക്ഷേത്രത്തിലെ കൂത്തുമാടത്തിൽ ബുധനാഴ്ച വൈകിട്ട് മുതൽ ഫെബ്രുവരി 27 വരെ തോൽപ്പാവക്കൂത്ത് അരങ്ങേറും.