ആഘോഷക്കാഴ്ചകളിൽ മച്ചാട് മാമാങ്കം നാളെ

വടക്കാഞ്ചേരി : പൂരപ്രേമികൾക്ക് ആവേശം പകർന്ന് പ്രസിദ്ധമായ മച്ചാട് മമാങ്ക വേല നാളെ നടക്കും.വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങൾ നിറഞ്ഞതാണ് തിരുവാണിക്കാവ് വേല.ഇക്കഴിഞ്ഞ മുപ്പെട്ടു വെള്ളിയാഴ്ചയാണ് വേല പറപുറപ്പാട് നടന്നത്.വിവിധ തട്ടക ദേശങ്ങൾ അന്ന് തുടങ്ങി ആഘോഷ തിമിർപ്പിലാണ്.ഇത്തവണ മാമാങ്കത്തിന് നേതൃത്വം നൽകുന്നത് പനങ്ങാട്ടുകാര - കല്ലംപാറ ദേശങ്ങളാണ്.ഇവയ്ക്ക് പുറമെ മറ്റു ദേദങ്ങളിലും ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ല.കാഴ്ച പന്തലുകളും കലാപരിപാടികളും നടന്നു.തിരുവാണിക്കാവിൽ ഞായറാഴ്ച വൈകിട്ട് കലാമണ്ഡലം വിവേകിന്റെ തായമ്പകയും ശേഷം രാത്രി കോഴിക്കോട് കാദംബരി കലാക്ഷേത്രത്തിന്റെ 'നാഗമഠത്ത് തമ്പുരാട്ടി'ബാലെയും നടന്നു. മറ്റൊരു തട്ടക ദേശമായ കരിമത്രയിൽ ഞായറാഴ്ച വൈകിട്ട് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളവും, കോട്ടയം ഹാസ്യഭവനയുടെ മേഗാഷോയും അരങ്ങേറി. മണലിത്തറ അയ്യപ്പൻ കാവിൽ വൈകിട്ട് പല്ലാവൂർ സന്തോഷിന്റെ സോപാനരാഗാസുധയും തുടർന്ന് പഞ്ചവാദ്യവും ഉണ്ടായിരുന്നു. വിരുപ്പാക്ക ദേശത്ത് രാവിലെ നടന്ന സംഗമത്തിൽ കലാപരിപാടികളും ഉച്ചയ്ക്ക് സദ്യയും നടന്നു.തുടർന്ന് രാത്രിയിൽ പിന്നണി ഗായിക പൂർണ്ണശ്രീ നയിച്ച ബീറ്റ്‌സ് ഓഫ് ട്രിച്ചൂരിന്റെ ഗാനമേളയും അരങ്ങേറി.