വടക്കാഞ്ചേരിയിൽ തടിലോറി മറിഞ്ഞു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി ബസ് സ്റ്റാൻഡിന് സമീപം റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡ് ആരംഭിക്കുന്നിടത്താണ് തടിലോറി മറിഞ്ഞതു.വെള്ളിയാഴ്ച പുലർച്ച 2 മണിയോട് കൂടിയാണ് അപകടം നടന്നത്. ബാങ്കിങ് ഓഫ് കർവ് ഇല്ലാതെ അശാസ്ത്രീയമായി റോഡുകൾ ബന്ധിപ്പിച്ചിരിക്കുന്ന ഇവിടെ അമിത ഭാരം കയറ്റി വന്ന ലോറി മറിയുകയായിരുന്നു. സ്പീഡിൽ വരുന്ന വാഹനങ്ങൾ ഒരു വശത്തേക്ക് തിരിക്കുമ്പോൾ മറുവശത്തേക്ക് ചരിഞ്ഞു മറിയാനുള്ള സാധ്യത കൂടുതലാണ്. ഇതു ഒഴിവാക്കാനായി വളവുകളിൽ തിരിയുന്ന ഭാഗം താഴ്ത്തിയും മറുവശം ഉയർത്തിയും റോഡ് പണിയുന്നതിനെയാണ് ബാങ്കിങ് ഓഫ് കർവ് എന്നു പറയുന്നത്. പെരിന്തൽമണ്ണയിൽ നിന്നും പെരുമ്പാവൂരിലേക്ക് റബ്ബർതടികളുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ആർക്കും പരിക്കില്ല.