![]()
വടക്കാഞ്ചേരി : പാഞ്ഞാൾ,പുതുശ്ശേരി, ആറ്റൂർ,ചെറുതുരുത്തി, വെട്ടികാട്ടിരി,പള്ളിക്കൽ ,നെടുമ്പുര ദേശങ്ങളുടെ സജീവ പങ്കാളിതത്തിൽ ചെറുതുരുത്തി ,കോഴിമാംപറമ്പ് പൂരാഘോഷം നടന്നു.29 ഗജവീരന്മാരുടെ തലയെടുപ്പിൽ കൂട്ടിയെഴുന്നള്ളിപ്പോടെ ആണ് പൂരം ആഘോഷിച്ചത്.ഉച്ചയോടെ ദേശപ്പൂരങ്ങളുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. പുതുശ്ശേരി വിഭാഗം മണ്ണഴി മനയ്ക്കൽ നിന്നും ആരംഭിച്ചു.പാമ്പാടി രാജൻ കോലമേന്തി.ആൽത്തറയ്ക്കൽ നിന്നും എഴുന്നള്ളിപ്പ് ആരംഭിച്ച ചെറുതുരുത്തി ദേശത്തിന്റെ തിടമ്പ് തൃക്കടവൂർ ശിവരാജു വഹിച്ചു.പാഞ്ഞാൾ ദേശത്തിന്റെ എഴുന്നള്ളിപ്പ് അയ്യപ്പൻ കാവിൽ നിന്നും ആരംഭിച്ചു.ഇത്തിത്താനം ഗുരുവായൂരപ്പൻ കോലമേന്തി.നെടുമ്പുര ദേശം കുലശേഖരനെല്ലൂർ ശിവക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു.തിരുവമ്പാടി ചന്ദ്ര ശേഖരൻ കോലമേന്തി.താഴപ്ര ,വെട്ടികാട്ടിരി ദേശം ശിവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച എഴുന്നള്ളിപ്പിൽ കോലം പാറമേക്കാവ് പത്മനാഭൻ വഹിച്ചു.പള്ളിക്കൽ ദേശം ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച എഴുന്നള്ളിപ്പിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കോലം വഹിച്ചു. ആറ്റൂർ ദേശത്തിന്റെ കോലം ചിറയ്ക്കൽ കാളിദാസൻ ഏറ്റി.വാദ്യാർ മന അയ്യപ്പ ക്ഷേത്രത്തിൽ നിന്നായിരുന്നു എഴുന്നള്ളിപ്പ്.എല്ലാ ദേശങ്ങളുടെയും എഴുന്നള്ളിപ്പ് പഞ്ചവാദ്യത്താലും മേളത്തിനാലും ആനകളാലും സമൃദ്ധമായിരുന്നു.പാഞ്ഞാൾ അയ്യപ്പന്റെ എഴുന്നള്ളത്തോടെ ആചാരപ്രകാരമുള്ള പൂരഘോഷങ്ങൾക്ക് തുടക്കമായി. കൂട്ടിയെഴുന്നള്ളിപ്പിന് പുറമെ പറ വേലയും കാള വേലയും പൂതനും തിറയും വെള്ളാട്ടും ക്ഷേത്രത്തിൽ എത്തി വണങ്ങി പകൽപൂരത്തിന് സമാപനമായി.പുലർച്ചെ ഉപചാരം ചൊല്ലി പിരിഞ്ഞു പൂരം സമാപിച്ചു.