ജംഷീലക്കായുള്ള അക്ഷരവീടിന് തറക്കല്ലിട്ടു

എരുമപ്പെട്ടി : കായികതാരം ജംഷീലയ്ക്കായി നിർമ്മിച്ചു നൽകുന്ന അക്ഷരവീടിന് തിങ്കളാഴ്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ തറക്കല്ലിട്ടു.സംസ്ഥാന സ്കൂൾ കായികമേളയിൽ ഓട്ടത്തിന് സ്വർണ മെഡൽ നേടിയ വിദ്യാർഥിനിയാണ് എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ടി.ജെ.ജംഷീല. മാധ്യമവും സിനിമാ സംഘടനയായ അമ്മയും, യു.എ. ഇ. എക്‌സ്‌ചേഞ്ച്, എൻ.എം.സി.എന്നിവയുടെ സംയുക്ത പങ്കാളിത്തത്തിൽ ആണ് വീട് നിർമ്മിക്കുക.അക്ഷരവീട് പദ്ധതിയുടെ ഭാഗമായി ആറാമത്തേതാണ് ജംഷീലക്കായുള്ള വീട്.നിർദ്ധന കുടുംബത്തിലെ അംഗമായ ജംഷീല ഒരുപാട് നേട്ടങ്ങൾ ഓട്ടത്തിലൂടെ കൈവരിച്ചിട്ടുണ്ട്.ഈ നേട്ടങ്ങളുടെ എല്ലാം പിന്നിൽ ശക്തമായ പിന്തുണയുമായി സ്‌കൂളിലെ കായികാധ്യാപകൻ മുഹമ്മദ് ഹനീഫയുമുണ്ട്.അമ്മയും സഹോദരങ്ങളും അടങ്ങുന്ന ജംഷീലയുടെ കുടുംബം വാടക വീട്ടിലാണ് താമസം.മുഹമ്മദ് ഹനീഫയുടെ സഹോദരൻ നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് ഇപ്പോൾ ജംഷീലക്കായുള്ള വീട് ഒരുങ്ങുന്നത്.പദ്ധതി പ്രകാരം തൃശ്ശൂർ ജില്ലയിലെ രണ്ടാമത്തെ വീടാണ് ജംഷീലയ്ക്കായി പണിയുന്നത്. സംഘാടക സമിതി ചെയർമാൻ എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എൻ.കെ.കബീർ, മാധ്യമം തൃശൂർ റീജണൽ മാനേജർ എം.കെ.ജഹർഷ കബീർ, സ്‌കൂൾ പ്രിൻസിപ്പൽ സി.എം.പൊന്നമ്മ,പ്രധാന അധ്യാപിക എ. എസ്.പ്രേംസി,വടക്കാഞ്ചേരി. മാധ്യമം പ്രതിനിധി അജീഷ് ,കായികാധ്യാപകൻ മുഹമ്മദ് ഹനീഫ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.