ദേശീയ കാറോട്ടമത്സരത്തിൽ മലയാളി താരം ദിൽജിത്തിന് കിരീടം
വടക്കാഞ്ചേരി : ഫോർമുല ഫോർ ദേശീയ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിൽ മലയാളി ഡ്രൈവർ ടി.എസ് ദിൽജിത്ത് ജേതാവ് .ഡൽഹി ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് സർക്യൂട്ടിൽ നടന്ന ജെകെ ടയേഴ്‌സ് കാർ റേസിംഗ് ചാംപ്യൻഷിപ്പിലെ നാലാം റൗണ്ടിലാണ് തൃശ്ശൂർ ,പഴയന്നൂർ സ്വദേശി ടി .എസ്.ദിൽജിത്ത് ജേതാവായത്.ഓവറോൾ ചാംപ്യൻഷിപ്പിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുമായി.മൂന്നു വർഷം മുൻപ് ഫോർമുല ഫോർ ഓവറോൾ ജേതാവായി ദിൽജിത്ത് കേരളത്തിന്റെ അഭിമാനയിരുന്നു.പതിനേഴ് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മാലയാളി ഫോർമുല ഫോർ കിരീടം ചൂടുന്നത്.ഈ വർഷം കോയമ്പത്തൂരിലും ഡൽഹിയിലുമായി നടന്ന മത്സരത്തിന്റെ അവസാന റൗണ്ട് മത്സരങ്ങൾ കഴിഞ്ഞ ദിവസം ആണ് അവസാനിച്ചത്. രാജ്യാന്തര താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ ദിൽജിത്ത് ആദ്യം നാലാം സ്ഥാനത്തും തുടർന്ന് ഒന്നാം സ്ഥാനവും കരസ്ഥമാക്കുകയായിരുന്നു.പതിനാറാം വയസ്സിൽ റേസിംഗ് ലൈസൻസ് സ്വന്തമാക്കിയ ഇദ്ദേഹം നിരവധി ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.ഫോർമുല ഫോർ മത്സരങ്ങളിൽ പുതിയ താരങ്ങളെ വാർത്തെടുക്കുന്നതിനായി അടുത്തിടെ ഇദ്ദേഹം സംസ്ഥാനത്തെ ആദ്യത്തെ അക്കാദമി ആരംഭിച്ചിരുന്നു.പഴയന്നൂർ തടത്തിൽ ഷാജിയുടെയും ശിവകുമാരിയുടെയും മകനാണ് ദിൽജിത്ത്.