കാട്ടാനകള്‍ ഇറങ്ങി , മായന്നൂര്‍ മേഖലയില്‍ 144 പ്രഖ്യാപിച്ചു.

വടക്കാഞ്ചേരി : സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ മേഖലയില്‍ 144 പ്രഖ്യാപിച്ചു. പത്തിരപ്പാല വനമേഖലയില്‍ നിന്ന് ഇറങ്ങിയ കാട്ടാനകള്‍ ഇന്ന് പുലര്‍ച്ചയോടെ തിരുവില്വാമല പാമ്പാടിയില്‍ എത്തി പമ്പ് ഹൗസിന്റെ മതിലുകളും ഗെയ്റ്റും തകര്‍ത്തു. പിന്നീട് മായന്നൂര്‍ ഭാഗത്തെത്തിയ ആനകള്‍ ഇതേ ഭാഗത്തുതന്നെ നിലയുറപ്പിക്കുകയായിരുന്നു. കാട്ടാനകള്‍ കൊണ്ടാഴി ഗായത്രിപ്പുഴയുടെ തീരത്ത് കൂടി എത്തിയതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭാരതപ്പുഴയുടെ തീരത്താണ് കാട്ടാനകള്‍ ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്. കാട്ടാന ഭീതിയെത്തുടര്‍ന്ന് തിരുവില്വാമല, കുത്താമ്പുള്ളി, മായന്നൂര്‍ എന്നീ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് പോലീസിന്റെ ജാഗ്രത നിര്‍ദ്ദേശ പ്രകാരം ഇന്ന് അവധി പ്രഖ്യാപിച്ചു. ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് ഡി.എഫ്.ഒ.മാരും, മറ്റു ഉന്നത ഉദ്യോഗസ്ഥരും പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും കാട്ടാനകളെ സുരക്ഷിതമായി കാട്ടിലെത്തിക്കുന്നതിന് തമിഴ്‌നാട് നിന്നു കുംകി ആനകളെ എത്തിക്കുമെന്നും ഇതിനായി തമിഴ്‌നാട് വനംവകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും യു.ആര്‍. പ്രദീപ് എം.എല്‍.എ. അറിയിച്ചു. കാട്ടാനകള്‍ വാഴ, നെല്ല് തുടങ്ങിയ കൃഷിത്തോട്ടങ്ങള്‍ വന്‍തോതില്‍ നശിപ്പിച്ചു.