തെക്കുംകരയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു

കരുമത്ര : തെക്കുംകര ഗ്രാമ പഞ്ചായത്തിലെ മേലിലം പ്രദേശത്താണ് വെള്ളിയാഴ്ച രാത്രി കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചത്. മേലിലം സ്വാദേശികളായ ഈരഴയത്ത് ജോവിൻ മാത്യു, അറക്കൽ ജോർജ് എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാന വന്നു വാഴക്കുലകളും ചക്കകളും ഭക്ഷിച്ചത്. ശബ്ദം കേട്ട് ഉണർന്ന സമീപവാസികൾ കൃഷിയിടത്തിൽ ആന നിൽക്കുന്നതാണ് കണ്ടത്. മാസങ്ങൾക്കു മുൻപ് അസുരൻകുണ്ടിലും വാഴനിയിലും കാട്ടാന വന്നിരുന്നു. കുതിരാൻ തുരങ്കം തുറന്നതോട് കൂടി പീച്ചി കാട്ടിൽ നിന്നും വാഴാനി കാട്ടിലേക്കുള്ള ആനത്താരയിലൂടെ ആനകൾക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കുന്നതിനാലാണ് പതിറ്റാണ്ടുകൾക്ക് ശേഷം വാഴാനിയിലും സമീപ പ്രദേശങ്ങളിലും കാട്ടാനകൾ എത്തി തുടങ്ങിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചു.