തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 35 ലക്ഷം അനുവദിച്ചു

വടക്കാഞ്ചേരി : ഗതാഗത യോഗ്യമല്ലാതായി തീർന്ന വടക്കാഞ്ചേരിയിലെ അഞ്ച് പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി സംസ്ഥാന ദുരന്ത നിവരണവകുപ്പ് 35 ലക്ഷം രൂപ അനുവദിച്ചതായി അനിൽ അക്കരെ എം.എൽ.എ. അറിയിച്ചു. മാരാത്തുകുന്ന് റോഡ്,ഉത്രാളിക്കാവ് റോഡ്,കാട്ടിലങ്ങാടി റോഡ്,ഞാറക്കുളങ്ങര റോഡ്,എങ്കക്കാട് സുബ്രഹ്മണ്യൻ കോവിൽ റോഡ് എന്നിവ ഗതാഗത യോഗ്യമാക്കി പുനരുദ്ധരിക്കുന്നതിനായാണ് തുക അനുവദിച്ചിട്ടുള്ളത്.കാട്ടിലങ്ങാടി, ഞാറക്കുളങ്ങര,ഉത്രാളിക്കാവ് എന്നീ റോഡുകളുടെ നവീകരണത്തിനായി മുൻപ് എം.എൽ.എ. ഫണ്ടിൽ നിന്നും തുക ലഭിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാവുകയും ചെയ്തിരുന്നു.എന്നാൽ മുൻസിപ്പാലിറ്റി പ്രവർത്തനാനുമതി നല്കിയില്ല.തുടർന്ന് മന്ത്രി തലത്തിൽ നടന്ന ചർച്ചയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ പൊതുമരാമത്തു വകുപ്പിൽ നിന്നും മാറ്റി നഗരസഭയുടെ നിർദ്ദേശ പ്രകാരം നഗരസഭയുടെ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയാണ് ഇപ്പോൾ സർക്കാർ തീരുമാനം എടുത്തിരിക്കുന്നത് എന്ന് എം.എൽ.എ. അറിയിച്ചു.