നഗരസഭയ്ക്ക് മുന്നിൽ കോൺഗ്രസ് രാപ്പകൽ സമരം

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയ്ക്ക് മുന്നിൽ കോൺഗ്രെസ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരം ആരംഭിച്ചു.അനിൽ അക്കരെ എം.എൽ.എ. മുഖ്യാതിഥി ആയുള്ള യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ജിജോ കുര്യൻ അധ്യക്ഷത വഹിച്ചു.ബുധനാഴ്ച കാലത്ത് ആരംഭിച്ച സമരപരിപാടി ഡി.സി.സി.പ്രസിഡന്റ് ടി.എൻ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.വടക്കാഞ്ചേരിയുടെ വികസന പ്രവർത്തനങ്ങളെ നഗരസഭാ ഭരണസമിതി മുടക്കുകയാണെന്നും അനിൽ അക്കരെ എം.എൽ.എ. കൊണ്ടുവരുന്ന വികസനപരിപാടികൾക്ക് തടസ്സം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ എൽ.ഇ. ഡി.ലൈറ്റുകൾ സ്ഥാപിക്കുന്നതിന് എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പണം ഉപയോഗപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ആക്ഷേപിച്ചു.പി.എ. മാധവൻ,ജോസഫ് ചാലിശ്ശേരി,നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത് കുമാർ,കൗൺസിലർമാരായ സിന്ധു സുബ്രഹ്മണ്യൻ, ടി വി.സണ്ണി തുടങ്ങി നിരവധി പേർ സംസാരിച്ചു.