കോൺഗ്രസ് യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആക്രമണം

എരുമപ്പെട്ടി : കുടിവെള്ള പദ്ധതികളിലെ തർക്കം പരിഹരിക്കാൻ വിളിച്ചു ചേർത്ത കോൺഗ്രസ് യോഗത്തിൽ കൈയ്യാങ്കളി. സംഭവത്തിൽ എരുമപ്പെട്ടി പഞ്ചായത്ത് വൈസ്. പ്രസിഡന്റ് കെ.ഗോവിന്ദൻ കുട്ടിക്കാണ് മർദനമേറ്റത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എം.എം.സലീമിന് എതിരെയാണ് ഡി.സി സി.യിൽപരാതി നൽകിയത്. വൈസ് പ്രസിഡന്റിന്റെ വാർഡായ മണ്ടംപറമ്പിൽ രണ്ട് കുടിവെള്ള പദ്ധതികളുടെ പണികൾ നടക്കുന്നുണ്ട്. ഭൂജല വകുപ്പ് പദ്ധതിയുടെ ഭാഗമായുള്ള കിണറും, പൈപ്പിടലും, ജലസംഭരണിയും നിർമ്മിക്കും.നിശ്ചിത ദൂരത്തിന് ശേഷമുള്ള പൈപ്പിടൽ തുടങ്ങി എല്ലാ ചിലവുകളും ഗുണഭോക്താക്കൾ വഹിക്കണം.ഇതിന്റെ ഭാഗമായി 6000 രൂപ ഗ്രാമീണ ബാങ്കിൽ നിക്ഷേപിക്കാനും തുടങ്ങി. ഈ തുക കൂടുതലാണെന്ന് ഗുണഭോക്താക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് വിളിച്ച യോഗമാണ് സംഘർഷത്തിൽ അവസാനിച്ചത്.സംഭവത്തിൽ പെരുമാറ്റദൂഷ്യത്തിന് എം.എം.സലീമിനെ യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ്, കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതായി ഡി.സി.സി.പ്രസിഡന്റ് ടി.എൻ.പ്രതാപൻ അറിയിച്ചു.