സ്കൂള്‍ വിദ്യാര്‍ഥികളും അച്ഛനും ശുചീകരണത്തിനു മാതൃകയായി.

വടക്കാഞ്ചേരി : വടക്കാഞ്ചേരി ടൗണിൽ നടുറോഡിൽ വാഹനമിടിച്ചു ചത്തുകിടന്ന പൂച്ചയുടെ ജഡം അച്ഛനും എൽപി സ്കൂൾ വിദ്യാർഥികളായ മക്കളും ചേർന്ന് കോരിമാറ്റി അകലെ കൊണ്ടുപോയി കുഴിച്ചു മൂടിയതു മാതൃകയായി. പുല്ലാനിക്കാട് സെന്റ് ഫ്രാൻസിസ് എൽപി സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോബി പാറയ്ക്കലാണു തന്റെ മൂന്ന്, രണ്ട്, യുകെജി ക്ലാസുകളിൽ പഠിക്കുന്ന മക്കളായ ജെറോം, ഡോണ, എഡ്വിൻ എന്നിവരുമായി വന്ന് നടുറോഡിൽ നിന്നു പൂച്ചയുടെ ജഡം കടലാസ് പെട്ടിയിലേക്കു കോരിയിട്ട് മറ്റൊരു വാഹനത്തിൽ കൊണ്ടുപോയി കുഴിച്ചു മൂടിയത്. താലൂക്ക് ഓഫിസിന്റെയും കോടതികളുടെയും മിനി സിവിൽ സ്റ്റേഷന്റെയുമൊക്കെ മുൻവശത്തെ റോഡിലാണു പൂച്ചയുടെ ജഡം കിടന്നിരുന്നത്. തൊട്ടടുത്ത് ടാക്സി സ്റ്റാൻഡും. താൻ രാവിലെ അതുവഴി പോയപ്പോൾ കണ്ട ജഡം വൈകിട്ടും അതേ സ്ഥലത്തു തന്നെ കിടക്കുന്നതു കണ്ടപ്പോൾ മറ്റാരെയും പഴിക്കുന്നതിനു പകരം സ്വയം ആ ദൗത്യം ഏറ്റെടുക്കാമെന്നു തീരുമാനിക്കുകയായിരുന്നുവെന്നും മക്കൾക്കു മാതൃകയാവാനാണു സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന അവരെയും കൂട്ടിയതെന്നും സ്റ്റേജ് ഡെക്കറേറ്ററായ കാട്ടിലങ്ങാടി സ്വദേശി ജോബി പറഞ്ഞു.