ചെറുതുരുത്തി – ഷൊർണൂർ തടയണ ; പുഴയിലൂടെ റോഡ് നിർമാണം ആരംഭിച്ചു

വടക്കാഞ്ചേരി : ഭാരതപ്പുഴയ്ക്ക്  കുറുകെ നിർമ്മിക്കുന്ന സ്ഥിരം തടയണയ്ക്കായി പുഴയിലൂടെയുള്ള റോഡ് നിർമ്മാണം ആരംഭിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ചെറുതുരുത്തി - ഷൊർണൂർ തടയണയുടെ നിർമ്മാണോത്ഘാടനം ജനകീയ ഉത്സവമാക്കാൻ സംഘാടക സമിതി യോഗത്തിൽ തീരുമാനിച്ചു.ഉദ്ഘാടനത്തിന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ്സിനെ പങ്കെടുപ്പിക്കാനും ഡിസംബർ 15 ലേക്ക് ഉദ്ഘാടനം മാറ്റാനും യോഗം തീരുമാനിച്ചു. പദ്ധതി പ്രദേശത്തേക്കും ക്യാമ്പ് ഓഫീസിലേക്കും സാധനങ്ങൾ കൊണ്ടുവരാനാണ് താത്കാലിക റോഡ് നിർമാണം. പുഴയിലൂടെ ഏകദേശം 150 മീറ്റർ ദൂരത്തിലാണ് റോഡ് നിർമ്മിക്കുന്നത്.എട്ടു വർഷം മുൻപ് ആരംഭിച്ച പദ്ധതിയാണിത് . പുഴയിൽ ജലം കെട്ടിനിർത്തി നിരവധി പഞ്ചായത്തുകൾക്കും ഷൊർണൂർ നഗരസഭയ്ക്കും ജലം കിട്ടുന്ന പദ്ധതിയാണ്  ഈ തടയണ നിർമ്മാണം.14.5 കോടി രൂപ ചെലവിൽ രണ്ടു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.