വീടുകളിൽ കണ്ട രക്തം മനുഷ്യ രക്തമാണെന്ന് സ്ഥിരീകരിച്ചു.
വടക്കാഞ്ചേരി : മങ്ങാട് ആറ്റത്രയിൽ വീടുകളിലും റോഡിലും കണ്ട ചോരപ്പാടുകൾ മനുഷ്യ രക്തമാണെന്ന് സ്ഥിരീകരിച്ചു. പൊലീസ് ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് മനുഷ്യരക്തം ആണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് രക്തപ്പാടുകൾ കണ്ടെത്തിയത്. പുത്തൂർ തോമസ് സിജോയുടെ വീടിന്റെ പുറകുവശത്തും,നീലങ്കാവിൽ ഡേവീസിന്റെ വീടിന്റെ പുറകിലും ടെറസിന് മുകളിലേക്ക് കയറുന്ന ഗോവണിയിലും ,ടെറസിലും , ഒറുവൻ മാരിയിൽ മനോജിന്റെ വീടിന്റെ പുറകുവശത്ത് വെള്ളം വെച്ചിരുന്നബക്കറ്റിലും പരിസരത്തും മുല്ലയ്ക്കൽ വിഷ്ണു ലാലിന്റെ മുറ്റത്തും വീടിന്റെ ടെറസിനു മുകളിലും,ആറ്റത്ര ഹരിദാസിന്റെ വീടിന്റെ മുറ്റത്തും, വിളക്കുതല രാജീവിന്റെ മുൻ വശത്തെ പൈപ്പിനു താഴെ വെള്ളം നിറച്ച ബക്കറ്റിലും, അന്തിക്കാട്ടിൽ ജേക്കബിന്റെ വീട്ടുമുറ്റത്തും ആണ് ചോരപ്പാടുകൾ കണ്ടത്.എരുമപ്പെട്ടി പൊലിസ് പരിശോധന നടത്തിയിരുന്നു . ഫോറൻസിക്ക് ഉദ്യോഗസ്ഥരെത്തി രക്തത്തിന്റെ സാമ്പിളുകൾ കൊണ്ടുപോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മനുഷ്യരക്തം ആണെന്ന് തിരിച്ചറിഞ്ഞത്. രക്തക്കറ കണ്ട വീടുകളിലും പരിസരപ്രദേശങ്ങളിലും തൃശ്ശൂരിൽ നിന്നും പൊലിസ് ഡോഗ്സ്ക്വാഡ് എത്തി തെളിവെടുപ്പ് നടത്തി. എരുമപ്പെട്ടി പൊലിസ് ഇൻസ്പെക്ടർ കെ. കെ ഭൂപേഷ്,എസ്. ഐ കെ. അബ്ദുൾ ഹക്കീം എന്നിവരുടെ നേതൃത്വത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.