കനാലിൽ പത്ത് അടി ആഴമുള്ള ഭീമൻ ഗർത്തം രൂപപ്പെട്ടു

വടക്കാഞ്ചേരി : ചെറുതുരുത്തി , തൊഴുപ്പാടം ചങ്ങലപ്പാലത്തിന് സമീപം ചീരക്കുഴി കനാലിന്റെ ഉള്ളിൽ അടിവശത്തെ കരിങ്കൽ കെട്ട് തകർന്നത് മൂലം ഭീമൻ കുഴി രൂപപ്പെട്ടു.കനാലിന്റെ അടിവശത്തുകൂടി വെള്ളം കടന്നുപോകുന്നതിന് 'അണ്ടർ ടണൽ' സംവിധാനം ഉള്ള ഭാഗമാണ് ഇതെന്നും കരിങ്കൽ കേട്ട് ദുർബലപ്പെട്ടു തകർന്നാണ് കുഴി രൂപപ്പെട്ടത് എന്ന് വിദഗ്ധർ പറയുന്നു. മുൻപ് ഈ ഭാഗത്ത് ചെറിയ വിള്ളലുകൾ ഉണ്ടായിരുന്നതായും പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് കിണറിനോളം വലുപ്പമുള്ള ഗർത്തം ഉണ്ടായത്. യു.ആർ.പ്രദീപ് എം.എൽ.എ., പാഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം.അമീർ ,ജലസേചനവകുപ്പ് ഉദ്യോഗസ്ഥരായ കെ.ബാലശങ്കർ , പി.കെ.സജീവൻ , മറ്റു പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചു. വെള്ളം ചോർന്ന് ഒഴുകിപ്പോകുന്നതിനാൽ കനാളിലൂടെയുള്ള ജലവിതരണം നിർത്തി വച്ചു. ഇതുമൂലം വിവിധ പഞ്ചായത്തുകളിലേക്ക് ഉള്ള ജലവിതരണം നിലച്ചിരിക്കുകയാണ് . ഇതിന്റെ പുനർനിർമ്മാണത്തിന്  ഏകദേശം  7 ലക്ഷത്തോളം രൂപ ചിലവ് വരും.ഇതു സംബന്ധിച്ച റിപ്പോർട്ട് തൃശ്ശൂരിലെ ജലസേചനവിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചിട്ടുണ്ട്. ഗർത്തത്തിന് 10 അടി ആഴവും 5 അടി വീതിയും ഉണ്ട്.