തൃശൂർ ജില്ലയിൽ ഞായറാഴ്ച്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.
വടക്കാഞ്ചേരി : തൃശൂർ ജില്ലയിലെ എല്ലാ താലൂക്കുകളിലും അതീവ ജാഗ്രത. കളക്ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം
അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ താലൂക്കുകളിലും അതീവ ജാഗ്രത പാലിക്കാൻ ജില്ലാ കളക്ടർ എസ്. ഷാനവാസ് തഹസിൽദാർ മാർക്ക് നിർദേശം നൽകി. പുഴകളിൽ ജലനിരപ്പുയരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റും.
തഹസിൽദാർമാരും വകുപ്പുകളുടെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്ത വീഡിയോ കോൺഫറൻസിൽ കളക്ടർ സ്ഥിതിഗതികൾ വിലയിരുത്തി. പൊലീസ്, ഫയർ ആന്റ് റെസ്ക്യൂ വിഭാഗങ്ങളെ വിവിധ മേഖലകളിൽ വിന്യസിക്കും. തീരപ്രദേശത്തും മലയോരത്തും നിതാന്ത ജാഗ്രത പുലർത്താനും സാധ്യത മുന്നിൽ കണ്ട് നടപടികൾ സ്വീകരിക്കാനും കളക്ടർ ആവശ്യപ്പെട്ടു.
മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വൈകീട്ട് 7 മുതൽ പകൽ 7 വരെ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ചു. പകൽ സമയത്തും ഈ ഭാഗങ്ങളിലെ യാത്ര കഴിവതും ഒഴിവാക്കണം
ശക്തമായ കാറ്റ് വീശുന്നതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, പരസ്യ ബോർഡുകൾ എന്നിവ സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ഫയർ ആന്റ് റെസ്ക്യൂ സർവീസസിന് കളക്ടർ നിർദേശം നൽകി.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇതു സംബന്ധിച്ച മാർഗ നിർദേശം പാലിച്ചാണ് ക്യാമ്പുകൾ ഒരുക്കുക. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24*7 മണിക്കൂറും പ്രവർത്തിക്കുമെന്നും കളക്ടർ വ്യക്തമാക്കി
*പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ*
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണ്ണമായി സഹകരിക്കേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
നദികളിൽ ജലനിരപ്പുയരാനുള്ള സാധ്യതയുള്ളതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.
ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
ശക്തമായ കാറ്റ് വീശുന്നതിനാൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.