വാഴാനിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക്

വാഴാനി : കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഒൻപതു മാസത്തോളം അടച്ചിട്ടിരുന്ന വാഴാനി ഡാം വീണ്ടും തുറന്നപ്പോൾ ഡാമിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികളെ ഡാമിലേക്ക് പ്രവേശിപ്പിക്കുന്നത്. പത്തു വയസിനു താഴെയുള്ള കുട്ടികൾക്കും അറുപതു വയസിനു മുകളിൽ പ്രായമുള്ളവർക്കും പ്രവേശനം അനുവദിക്കുന്നുണ്ട്. ഡാമിൽ വെള്ളം കുറവാണെങ്കിലും കുട്ടികളുടെ പാർക്കും ഗാർഡനും വൻ മരങ്ങളുടെ ശിഖിരങ്ങളിൽ കെട്ടിയിരിക്കുന്ന ഊഞ്ഞാലുകളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. മുതിർന്നവർക്ക് പതിനഞ്ചു രൂപയും കുട്ടികൾക്ക് അഞ്ചുരൂപയുമാണ് ടിക്കറ്റ് നിരക്ക്.