വടക്കാഞ്ചേരി ബൈപാസ് – മണ്ണ് പരിശോധനയയും സർവേയും ആഗസ്ത് 30 ന് ആരംഭിക്കും.

അകമല : wadakanchery bypass Alignment വടക്കാഞ്ചേരി ബൈപ്പാസിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട്, റെയിൽവേ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ചുമെന്റ് ഡ്രോയിങ് (GAD) തയ്യാറാക്കുന്നതിന് പ്രധാനപ്പെട്ട നീക്കങ്ങൾ ആരംഭിച്ചു. GAD നിർമ്മാണത്തിനായി ടോപ്പോഗ്രാഫിക് സർവ്വേയും സോയിൽ ഇൻവെസ്റ്റിഗേഷനും ആഗസ്ത് 30 ന് ആരംഭിക്കും. GAD റെയിൽവേയിൽ നിന്ന് അംഗീകാരം നേടുന്നതിനായി, കേരള സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനെ (KRDCL) ചുമതലപ്പെടുത്തി. കെ-റെയിൽ കോർപ്പറേഷൻ 75 ദിവസത്തിനുള്ളിൽ GAD തയ്യാറാക്കി റെയിൽവേക്ക് സമർപ്പിക്കും. എറണാകുളം-ഷൊർണൂർ സെക്ഷനിൽ പുതിയ ട്രാക്കുകൾ നിർമ്മിക്കാൻ റെയിൽവേ ഉദ്ദേശിക്കുന്നതിനാൽ, മേൽപ്പാലത്തിന്റെ ഡിസൈനും അലൈൻമെൻ്റും തയ്യാറാക്കുന്നതിൽ ചില തടസ്സങ്ങൾ നേരിട്ടിരുന്നു. ഈ തടസ്സങ്ങൾ നീക്കി, വടക്കാഞ്ചേരി ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും കൂട്ടായ ശ്രമങ്ങളുടെ ഭാഗമായാണ് GAD തയ്യാറാക്കാൻ KRDCLനെ ചുമതലപ്പെടുത്തിയതെന്ന് വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി അറിയിച്ചു. റെയിൽവേയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ, അകമലയ്ക്കടുത്ത് കാട്ടിലെ ഗേറ്റ് പരിസരത്ത് മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള ധാരണയും കൈവരിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.