ചിറ്റണ്ട ഫാമിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും
ചിറ്റണ്ട : എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ട പൂങ്ങോട്
പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പന്നിഫാമിൽ കഴിഞ്ഞ ദിവസമാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള മുഴുവൻ പന്നികളെയും ദയാവധത്തിന് വിധേയമാക്കും. ഏതാനും ദിവസങ്ങളായി ഈ ഫാമിലെ പന്നികൾ അസാധാരണമാം വിധം ചത്തുകൊണ്ടിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. തൃശൂർ ജില്ലാ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ഡോക്ടർമാർ ഉൾപ്പെടുന്ന റാപ്പിഡ് റസ്പോൺസ് ടീം ആണ് ദയാവധം നടപ്പിലാക്കുന്നത്. ദയാവധത്തിന് വിധേയമാകുന്ന പന്നികളെ പൂർണമായും അണുനശീകരണം നടത്തി ഫാമിന് സമീപത്ത് തന്നെ ആഴത്തിൽ കുഴിയെടുത്ത് സംസ്കരിക്കും. പന്നിപ്പനി മനുഷ്യരിലേക്ക് പകരില്ലെന്നും മറ്റു മൃഗങ്ങളിലേക്ക് പടരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.