വാഴാനി ഡാമിൽ കുട്ടവഞ്ചി സവാരി ആരംഭിച്ചു.

വാഴാനി : വടക്കാഞ്ചേരി മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ വാഴാനി ഡാമിൽ കുട്ടവഞ്ചി സവാരി ആരംഭിച്ചു. ബുധനാഴ്ച രാവിലെ വടക്കാഞ്ചേരി എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി കുട്ടവഞ്ചി സവാരി ഫ്ലാഗ് ഓഫ് ചെയ്തു ഉദ്‌ഘാടനം ചെയ്ത ശേഷം സവാരി ആസ്വദിച്ചു . ആദ്യഘട്ടത്തിൽ നാല് കുട്ടവഞ്ചികൾ ആണ് ഒരുക്കിയിരിക്കുന്നത്. നാല് വിനോദ സഞ്ചാരികളുടെ ഒരു സംഘത്തിന് 400 രൂപയാണ് നിരക്ക്. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വാഴാനി ഡാമിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കു കുട്ടവഞ്ചി സവാരി ആസ്വദിക്കാവുന്നതാണ്. കാക്കനിക്കാട്‌ ട്രൈബൽ ഉന്നതിയിലെ പരിശീലനം ലഭിച്ച അംഗങ്ങൾ ആണ് കുട്ടവഞ്ചിയുടെ സാരഥികൾ. ഇരുപതു ദിവസത്തോളം നീണ്ടു നിന്ന പരിശീലനത്തിനും സുരക്ഷാ മാർഗ്ഗനിർദേശ ക്ലാസുകൾക്കും ശേഷമാണ് കുട്ടവഞ്ചി സവാരി ആരംഭിച്ചിരിക്കുന്നത്. കുട്ടവഞ്ചികളിൽ ലൈഫ് ജാക്കറ്റ്, അടിയന്തര മെഡിക്കൽ കിറ്റ് എന്നിവയുണ്ടാകും. യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾക്കും, റൈഡർമാർക്കും ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തും.  വാഴാനി ടൂറിസം വികസത്തിൻ്റെ തുടർ ഘട്ടങ്ങളിൽ കുട്ടവഞ്ചി സവാരിയോടൊപ്പം പ്രകൃതി നടത്തവും, വന ഉൽപ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണനവും സംയോജിപ്പിക്കും. സംസ്ഥാന സർക്കാർ 5.99 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന സംഗീത ജലധാരയുടെ നിർമ്മാണം വാഴാനി ഡാം ഗാർഡനിൽ പുരോഗമിക്കുകയാണ്. മ്യൂസിക്കൽ ഫൗണ്ടന് പുറമേ വാഴാനി ഡാം വിനോദ സഞ്ചാരകേന്ദ്രത്തിൽ 40 ലക്ഷം ചിലവഴിച്ച് കുട്ടികളുടെ പാർക്ക് നവീകരിച്ചതും, കേടുപാടുകൾ തീർത്ത് തൂക്കുപാലം തുറന്ന് നൽകിയതും, ലൈബ്രറി കം കൾച്ചറൽ സെന്റർ പ്രവർത്തിപ്പിക്കാനായതും, വാഴാനി ഡാം കൺവെൻഷൻ സെന്റർ നിർമ്മാണത്തിനായി NOC നേടിയെടുത്ത് ആർക്കിടെക്ചറൽ ഡിസൈനിങ് ഘട്ടത്തിൽ എത്തിച്ചതും പ്രധാന വികസന നേട്ടങ്ങളാണ്. നിർമ്മാണം പുരോഗമിക്കുന്ന പീച്ചി-വാഴാനി ടൂറിസം കോറിഡോർ യാഥാർഥ്യമാകുന്നതോടെ വാഴാനി ടൂറിസം പലമടങ്ങ് സജീവമാകും. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ ടൂറിസം രംഗത്ത് 15 കോടി രൂപയിലധികം വരുന്ന വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. വടക്കാഞ്ചേരി ടൂറിസം സർക്യൂട്ടിലെ മറ്റൊരു ആകർഷണ ഘട്ടകമായി വാഴാനിയിലെ കുട്ടവഞ്ചി സവാരി മാറും Vazhani Dam Kuttavanchi Savaari